തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ എത്തി കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ ബലമായി മോചിപ്പിക്കാൻ ശ്രമിച്ച ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ സർക്കിൾ ഇൻസ്പെക്ടർ യഹിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പനവൂർ മേഖലയിൽ സംശയാസ്പദ സാഹചര്യത്തിൽ മാരകായുധങ്ങളുമായി സഞ്ചരിച്ച നാല് പേരെ നെടുമങ്ങാട് പൊലീസ് പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ഇവരിൽ രണ്ടുപേർ സി.ഐ യഹിയയുടെ അടുത്ത ബന്ധുക്കളും പരിചയക്കാരുമാണെന്ന് വ്യക്തമായതോടെയാണ് അദ്ദേഹം സ്റ്റേഷനിലെത്തിയത്. മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സ്റ്റേഷനിലെത്തിയ യഹിയ, ലോക്കപ്പിലുണ്ടായിരുന്നവരെ ഉടൻ വിട്ടയക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാൽ നിയമനടപടികൾ പൂർത്തിയാക്കാതെ പ്രതികളെ വിട്ടയക്കാനാകില്ലെന്ന് എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നിലപാട് സ്വീകരിച്ചതോടെ സ്ഥിതിഗതികൾ സംഘർഷഭരിതമായി. തുടർന്ന് സ്റ്റേഷനിൽ ബഹളം വെച്ച യഹിയ ലോക്കപ്പിന്റെ വാതിൽ തുറന്ന് പ്രതികളെ പുറത്തിറക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു.
സഹപ്രവർത്തകർ ഇടപെട്ട് ശ്രമം തടഞ്ഞതോടെ വാക്കേറ്റവും തർക്കവും രൂക്ഷമായി. പിന്നീട് ലോക്കപ്പിനുള്ളിൽ കയറി ബഹളം സൃഷ്ടിച്ച യഹിയയെ നിയന്ത്രണവിധേയനാക്കാൻ പൊലീസിന് ബലപ്രയോഗം നടത്തേണ്ടിവന്നു. ഒടുവിൽ സഹപ്രവർത്തകർ തന്നെ സി.ഐയെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കുകയായിരുന്നു.
തുടർന്ന് വൈദ്യപരിശോധനയ്ക്കായി യഹിയയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ചിരുന്നോയെന്ന കാര്യത്തിൽ പരിശോധനാഫലം ലഭിച്ച ശേഷമാകും തുടർനിയമനടപടികൾ സ്വീകരിക്കുക. സംഭവത്തിൽ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ ആരോപണങ്ങളിൽ വകുപ്പുതല നടപടികളും നിയമനടപടികളും പരിഗണനയിലാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മുൻപും അച്ചടക്കലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഇയാൾക്കെതിരെ ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.






