കോട്ടയം : വൈക്കം സിഐ ഷമീർഖാന്‍ സസ്പെൻഷൻ. കൈക്കൂലി വാങ്ങിയ കേസിലാണ് സ്പെൻഷൻ. അന്വേഷണ വിധേയമായാണ് നിലവിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്. യുപിഐ ആപ്പുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഉപയോഗിച്ച് കൈക്കൂലി വാങ്ങിയതിന് പിന്നാലെ ഷമീർഖാൻ നിർബന്ധിത അവധിയില്‍ പ്രവേശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തത്.
വൈക്കം സിഐ ആയി ചുമതല ഏറ്റെടുത്ത് ഒരു മാസത്തിനുള്ളില്‍ ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ കൈക്കൂലിയ വാങ്ങിയെന്നാണ് കണ്ടെത്തല്‍. വിജിലൻസ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ പണം വാങ്ങിയതിന്റെ രേഖകളും കണ്ടെത്തി. ഒരു ഇതര സംസ്ഥാനക്കാരന്റെ പേരില്‍ എടുത്ത ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേയും ഉപയോഗിച്ച് ആയിരുന്നു സിഐ പണം വാങ്ങിയിരുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.
പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയ സാഹചര്യത്തില്‍ തുടർ നടപടികളിലേക്ക് കടക്കാൻ വിജിലൻസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിജിപിക്ക് റിപ്പോർട്ട് നല്‍കിയിരുന്നു. പിന്നാലെ എസ്പിയും റിപ്പോർട്ട് കൈമാറിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിർണായകമായതിനാല് ഇക്കാര്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിജിലൻസ് തുടരുകയാണ്.






