കോട്ടയം: എം.സി.റോഡിൽ ചിങ്ങവനത്ത് വീണ്ടും അപകടം. ഇന്നു രാവിലെ ചിങ്ങവനം ജംഗ്ഷനില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന ദമ്പതികള്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഉടൻതന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് കാറിനുള്ളില്‍ കുടുങ്ങിപ്പോയ ദമ്പതികളെ ചങ്ങനാശേരി യൂണിറ്റില്‍നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ട് റോഡില്‍ മറിഞ്ഞ ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് നീക്കം ചെയ്തത്.
തമിഴ്നാട്ടിൽ നിന്നുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ചങ്ങനാശേരി ഭാഗത്തു നിന്ന് വരികയായിരുന്നു.
അപകടത്തെ തുടർന്ന് ചിങ്ങവനത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.






