കോട്ടയം: കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകമാണ് പ്രോട്ടീൻ.
എന്നാല്‍ പലപ്പോഴും കുട്ടികള്‍ക്ക് ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാൻ മാതാപിതാക്കള്‍ക്ക് സാധിക്കാറില്ല.
കുട്ടികളുടെ വളർച്ച, പേശികളുടെ വികസനം, പ്രതിരോധശേഷി, കോശങ്ങളുടെ പരിപാലനം, എന്നിവയ്ക്ക് പ്രോട്ടീൻ സഹായിക്കുന്നുണ്ട്. മതിയായ പ്രോട്ടീനും ഊർജവും ക്രമേണ ലഭിക്കാതെ വരുന്നത് കുട്ടികളിലെ വളർച്ചാമുരടിപ്പിനും രോഗ മുക്തി വൈകുന്നതിനും കാരണമായേക്കാം.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 35.5% പേർക്ക് വളർച്ച മുരടിപ്പുണ്ടെന്ന് ഇന്ത്യയിലെ NFHS-5 അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
കുട്ടികള്‍ക്ക് എത്രമാത്രം പ്രോട്ടീൻ ആവശ്യമാണ്?
ഡോ. അഫ്ഷന്റെ അഭിപ്രായത്തില്‍, ശരീരഭാരത്തെ അടിസ്ഥാനമാക്കി, ഓരോ കുട്ടിക്കും പ്രതിദിനം ആവശ്യമായി വരുന്ന പ്രോട്ടീൻ അളവ് ഇങ്ങനെ.
1-3 വയസ്സ്: 1.05 ഗ്രാം /ദിവസം
4-13 വയസ്സ്: 0.95 ഗ്രാം /ദിവസം
14-18 വയസ്സ്: 0.85 ഗ്രാം /ദിവസം
ഉദാഹരണത്തിന്, 20 കിലോഗ്രാം ഭാരമുള്ള അഞ്ച് വയസുള്ള ഒരു കുട്ടിക്ക് പ്രതിദിനം ഏകദേശം 19 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്.
ശ്രദ്ധിക്കേണ്ട 5 ദൈനംദിന ലക്ഷണങ്ങള്‍:
1. ഇടയ്ക്കിടെ ഉണ്ടാകുന്ന വിശപ്പും ലഘുഭക്ഷണം കഴിക്കാനുള്ള പ്രവണതയും: കുട്ടികള്‍ ഇടയ്ക്കിടെ ബിസ്ക്കറ്റുകള്‍ ആവശ്യപ്പെടാറുണ്ടോ? ഇത് കുട്ടികള്‍ കഴിച്ചുകൊണ്ടിരിക്കുന്ന സമീകൃതമല്ലാത്ത ഭക്ഷണത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഡോ.അഫ്ഷാന്റെ അഭിപ്രായം. ഭക്ഷണത്തില്‍ പരിപ്പ്, തൈര്, പനീർ, മുട്ട, കടല എന്നിവ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
2. ഊർജക്കുറവ് അല്ലെങ്കില്‍ ഇടയ്ക്കിടെയുള്ള ക്ഷീണം: കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് തളർച്ച അനുഭവപ്പെടുകയാണെങ്കില്‍ കുട്ടിയുടെ മൊത്തത്തിലുള്ള ഭക്ഷണക്രമം പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. സമീകൃത ആഹാരത്തോടൊപ്പം പാല്, വറുത്ത കടല, മുട്ട അല്ലെങ്കില്‍ പനീർ എന്നിവ നല്കുകയുമാകാം.
3. വളർച്ചാക്കുറവോ ഭാരം വർധിക്കാതിരിക്കുകയോ ചെയ്യുക: അപര്യാപ്തമായ പ്രോട്ടീനും കലോറിയും കുട്ടികളുടെ വളർച്ചയെ കാര്യമായി ബാധിക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നല്കുന്നു. വളർച്ച മന്ദഗതിയിലാണെങ്കില്‍ ഉയരവും ഭാരവും പരിശോധിക്കുകയും ഒരു ശിശുരോഗവിദഗ്ധനെ സമീപിക്കുകയും ചെയ്യണം.
4. തുടർച്ചയായ അസുഖങ്ങളും രോഗമുക്തി വൈകലും: പ്രതിരോധശേഷിക്കും കോശങ്ങളുടെ പരിപാലനത്തിനും പ്രോട്ടീൻ സഹായിക്കും. ഇടയ്ക്കിടെ കുട്ടികള്‍ക്ക് അസുഖങ്ങള്‍ വരുന്നുണ്ടെങ്കില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
5. പേശികളുടെ ബലക്ഷയം, മുറിവുകള്‍ ഉണങ്ങാൻ താമസം, മുടിയിലും ചർമത്തിലുമുള്ള മാറ്റങ്ങള്‍: ശരീരഭാരം കുറയുന്നതിനോടൊപ്പമോ വളർച്ചാക്കുറവിനോടൊപ്പമോ ഇവ കാണപ്പെടുന്നത് പോഷകാഹാരക്കുറവിന്റെ ലക്ഷണമാകാം. വിദഗ്ദ്ധരുടെ ഉപദേശം തേടുന്നതാവും നല്ലത്.
ഭക്ഷണത്തില്‍ പ്രോട്ടീൻ ചേർക്കാനുള്ള എളുപ്പവഴികള്‍
പ്രഭാതഭക്ഷണം: മുട്ട ബുർജി, കടലമാവ് ദോശ, പനീർ പരാത്ത അല്ലെങ്കില്‍ പാല്.
ഉച്ചഭക്ഷണവും അത്താഴവും: പരിപ്പ്, ചുവന്ന പയർ, കടല, പനീർ, സോയാ പനീർ, ചിക്കൻ അല്ലെങ്കില്‍ മീൻ.
ലഘുഭക്ഷണങ്ങള്‍: വറുത്ത കടല മുളപ്പിച്ചത്, തൈര്, പുഴുങ്ങിയ മുട്ട അല്ലെങ്കില്‍ കുട്ടികള്‍ക്ക് കഴിക്കാൻ പാകത്തിലുള്ള നട്സ്. പരിപ്പും ധാന്യങ്ങളും ഒരുമിച്ച് ചേർത്തു കഴിക്കുന്നത് (ഉദാഹരണത്തിന് പരിപ്പ്-ചോറ് അല്ലെങ്കില്‍ ഇഡ്ഡലി-സാമ്പാർ) സമീകൃത പോഷകാഹാരം ലഭിക്കാൻ സഹായിക്കും.
ഒരൊറ്റ ലക്ഷണത്തിലൂടെ മാത്രം പ്രോട്ടീൻ കുറവുണ്ടെന്ന് ഉറപ്പിക്കാനാകില്ല. കുട്ടിക്ക് നിരന്തരമായ ക്ഷീണമോ, ഭാരം വർധിക്കായ്കയോ, അല്ലെങ്കില്‍ ഇടയ്ക്കിടെ അസുഖങ്ങള്‍ വരികയോ ചെയ്യുകയാണെങ്കില്‍ ഒരു ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കുക. വൈദ്യശാസ്ത്രപരമായി നിർദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കില് പ്രോട്ടീൻ സപ്ലിമെന്റുകള്‍ നല്‍കുന്നത് ഒഴിവാക്കുക.






