കോഴിക്കോട് : പൈതൃക നെൽവിത്തുകളുടെ സംരക്ഷകനായിരുന്ന പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമൻ്റെ അന്ത്യം ആകസ്മികമായിരുന്നു. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്. 74ാം വയസിലായിരുന്നു അന്ത്യം.
വയനാട് എടവക പഞ്ചായത്തിലെ കമ്മനയിൽ ചെറുവയൽ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് പ്രസിദ്ധനായത്. രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച ചെറുവയൽ രാമന് അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി കാർഷിക പുരസ്കാരം ലഭിച്ചത്.
പാരമ്പരാഗത കൃഷിയുടെയും പാരിസ്ഥിതിക അറിവിൻ്റെയും പാഠപുസ്തകമായിരുന്നു ചെറുവയൽ രാമൻ. പരാമ്പരാഗത കൃഷിരീതിയെക്കുറിച്ച് പഠിക്കാനായി കമ്മനയിലെ ചെറുവയൽ വീട്ടിലേയ്ക്ക് എത്തുന്നവർക്കെല്ലാം കൃഷിയെക്കുറിച്ചുള്ള പാഠം പകർന്ന് നൽകാൻ ഏറെ തൽപ്പരനായിരുന്നു ചെറുവയൽ രാമൻ.






