മാന്നാർ: ചെന്നിത്തലയില്‍ ആളില്ലാത്ത വീടിന്റെ അടുക്കള ഭാഗത്തെ പൂട്ട് തകർത്ത് മോഷണം.
വെമ്പുഴശ്ശേരില്‍ ഉഷസ്സില്‍ ഉഷയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിനുള്ളിലെ അലമാരകള്‍ കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്.
ഉഷയും കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്. ഉഷയുടെ ഭർതൃസഹോദരൻ ബാലചന്ദ്രൻ നായർ വെള്ളിയാഴ്ച പറമ്പില്‍ നാളികേരം എടുക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. അടുക്കള ഭാഗത്തുള്ള ഗ്രില്ലിന്റെ താഴ് നഷ്ടപ്പെട്ടതായും വാതില്‍ തുറന്നുകിടക്കുന്നതായും അദ്ദേഹം കണ്ടു.
തുടർന്ന് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മുറികളില്‍ പൂട്ടിയിരുന്ന അലമാരകളും പെട്ടികളും തുറന്നുകിടക്കുന്നതായി കണ്ടെത്തിയതോടെ മാന്നാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മാന്നാർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഓട്ടുരുളികള്‍, ചെമ്പുകുട്ടകം, വിവിധ വലിപ്പത്തിലുള്ള ഓട്ടുവിളക്കുകള്‍, ചെമ്പുകലങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള നിരവധി ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടതായി പൊലീസിന് നല്കിയ പരാതിയില്‍ ഉഷ വ്യക്തമാക്കി.






