കൊച്ചി: ലഹരി വേട്ടയ്ക്കുള്ള 'ഓപ്പറേഷന് തൂഫാന്' ശക്തമാക്കിയതോടെ രാജ്യാന്തര ലഹരി മാഫിയ അവരുടെ തന്ത്രങ്ങള്‍ മാറ്റിത്തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാലും ഓപ്പറേഷന് തൂഫാന് വിജയകരമാണെന്ന് എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ മന്ത്രി പറഞ്ഞു.
ഇതുവരെ 6,632 പേരെ അറസ്റ്റ് ചെയ്യുകയും 6,182 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏകദേശം 35 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
സമൂഹമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തി ലഹരി സംഘങ്ങള്‍ നടത്തുന്ന ഇടപാടുകള്‍ കണ്ടെത്താന്‍ പോലീസിന് പരിശീലനം നല്‍കും. കാസര്‍ഗോഡ് ലഹരി നിര്‍മാണ യൂണിറ്റ് കണ്ടെത്തിയത് ആഭ്യന്തരവകുപ്പിന് നടുക്കമുണ്ടാക്കി-ചെന്നിത്തല പറഞ്ഞു. പോലീസിനെതിരായ പരാതികള്‍ പരിഹരിക്കുന്നതിന് പുതിയ സംവിധാനം കൊണ്ടുവരും. പോലീസ് വെബ്സൈറ്റ് കൂടുതല്‍ നവീകരിക്കും.
പൊതുജനങ്ങളുടെ പരാതികളുടെ തീര്‍പ്പാക്കല്‍ സംബന്ധിച്ച് പോലീസ് സ്റ്റേഷനുകളില്‍ ഓഡിറ്റ് നടപ്പാക്കും. പോലീസ് സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.






