ചങ്ങനാശേരി: ഗതാഗതക്കുരുക്കില്‍ വീർപ്പുമുട്ടുന്ന ചങ്ങനാശേരി നഗരത്തില്‍ നടപ്പാത കൈയേറ്റം വ്യാപകമാണ്.
പ്രധാന റോഡുകളിലും ഇടവഴികളിലും വഴിയോര കച്ചവടം നിയന്ത്രണമില്ലാതെ വ്യാപിച്ചതോടെ കാല്‍നടയാത്രക്കാരാണ് ദുരിതത്തിലായത്.
നടപ്പാതകള്‍ വഴിയോരകച്ചവടക്കാർ കൈയേറിയതോടെ പരാതികളും വ്യാപകമാണ്. തിരക്കേറിയ റോഡില്‍ നിലവിലെ സ്ഥിതി അപകടം വിളിച്ചുവരുത്തുകയാണ്.
ചങ്ങനാശേരി ടൗണിനുള്ളില്‍ കാല്‍നടയാത്രക്കാരും കച്ചവടക്കാരും തമ്മിലുള്ള തർക്കവും പതിവാണ്. മാർക്കറ്റ് റോഡിലേക്കുള്ള വഴിയൊഴികെ നഗരത്തിലെ പല ഭാഗങ്ങളിലും സമാനമായ സ്ഥിതിയാണ്. ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലെ ഇടുങ്ങിയ റോഡില്‍ പകുതിയോളം ഭാഗം കൈയേറിയാണ് കച്ചവടം. റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ നിന്ന് കടകള്‍ ഒഴിപ്പിച്ചിരുന്നെങ്കിലും വീണ്ടും കച്ചവടം സജീവമായി.
എസ്.ബി കോളേജിന് മുന്നില്‍ നടപ്പാത പൂർണമായും കൈയേറിയാണ് തട്ടുകടകള്‍ പ്രവർത്തിക്കുന്നത്. അന്യസംസ്ഥാനതൊഴിലാളികള്‍ നടത്തുന്ന കടകള്‍ വൈകിട്ട് മൂന്നോടെ സജീവമാകും.
എം.സി റോഡില്‍ തിയേറ്ററിന് മുന്നിലാണ് സ്ഥിതി കൂടുതല്‍ ഗുരുതരം. നടപ്പാതയിലൂടെ പോകാൻ ശ്രമിക്കുന്ന യാത്രക്കാരോട് റോഡിലൂടെ പോകാൻ ആവശ്യപ്പെട്ട് കച്ചവടക്കാർ തർക്കിക്കുന്നതായും പരാതിയുണ്ട്. സിനിമ കഴിഞ്ഞിറങ്ങുന്നവരുടെ തിരക്ക് കൂടി ചേരുന്നതോടെ വൈകുന്നേരങ്ങളില്‍ ഇവിടെ അപകടസാധ്യത ഏറെയാണ്. പെരുന്ന സ്റ്റാൻഡിലേക്ക് പോകുന്നവർക്കും ദുരിതമാണ്.
പൊതുമരാമത്ത് വകുപ്പ് അധികൃതർ കൈയേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെണ് യാത്രക്കാർ പറയുന്നു.






