ചെങ്ങളം : വീട്ട് മുറ്റത്തെ അയയിൽ തുണി വിരിക്കുന്നതിനിടെ കുഴഞ്ഞു വീണ് ഗൃഹനാഥൻ മരിച്ചു. ഷോക്കേറ്റതാണോ എന്നും സംശയിക്കുന്നു.
കോട്ടയം തിരുവാർപ്പ് നാലാം വാർഡിൽ ചെങ്ങളം കുന്നുംപുറത്ത് പുതുശേരി ഭാഗത്ത് മതിലകത്ത് വീട്ടിൽ ബിൻസ് വർഗീസ് (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
മഴക്കെടുതി മൂലം വീട് വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. മുറ്റത്തെ അയയിൽ തുണി വിരിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏകദേശം 300 മീറ്ററോളം ചുമന്നുകൊണ്ടുപോയ ശേഷമാണ് നാട്ടുകാർ വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്.
ഷോക്കേറ്റതാണോ അതോ ഹൃദയാഘാതമാണോ എന്ന് സംശയിക്കുന്നതായി വാർഡ് മെമ്പർ റൂബി ചാക്കോ പറഞ്ഞു. മൃതദ്ദേഹം പോസ്റ്റ്മോർട്ടം പരിശോധന നടത്തി. വീട്ടിൽ വെള്ളം കയറിയതിനാൽ ചെങ്ങളംകുന്നിൻ പുറത്തുള്ള സഹോദരന്റെ വീട്ടിലാണ് പൊതു ദർശനം.
ബിൻസിന്റെ സംസ്കാരം ഇന്ന് (2026 ഓഗസ്റ്റ് 6, വ്യാഴാഴ്ച) വൈകിട്ട് 4 മണിക്ക് ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.






