ചങ്ങനാശേരി: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിലെ വെള്ളപ്പൊക്കം രൂക്ഷമായി.
ആലപ്പുഴ ചങ്ങനാശേരി റോഡിൽ 15 കിലോമീറ്ററോളം വെള്ളം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. വൈകിട്ടോടെ ഗതാഗത തടസം ഉണ്ടായി. എ.സി. റോഡിൽ മനയ്ക്കച്ചിറ പൂവം, പാറയ്ക്കൽ കലുങ്ക്, കിടങ്ങറ എന്നിവിടങ്ങളിലാണു വെള്ളം കണ്ടമാനം ഉയർന്നിട്ടുള്ളത്. ആയിരക്കണക്കിനു വീടുകൾ വെള്ളത്തിലായി. ചങ്ങനാശേരി ഫയർഫോഴ്സിന്റെയും പോലീസിന്റെയും സന്നദ്ധ സേവന പ്രവർത്തകരുടെയും നേതൃത്വത്തിൽ രോഗികൾ ആയിട്ടുള്ളവരെയും പ്രായമായവരടക്കമുള്ളവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയിട്ടുണ്ട്.
എ.സി. റോഡ് പുറമ്പോക്ക് കോളനി, പൂവം, അംബേദ്കർ കോളനി തുടങ്ങി ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന് പ്രദേശങ്ങളിലെ നിരവധി വീടുകളിലും പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട മൂലേപുതുവൽ, നക്രാൽപുതുവൽ,
അറുനൂറിൽപുതുവൽ, കോമങ്കേരിച്ചിറ, എടവന്തറ, എസികോളനി, എസി റോഡ് കോളനി, കാവാലിക്കരിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലും വീടുകളിലും വെള്ളംകയറി. എസി റോഡിൽനിന്ന് ഈ പ്രദേശങ്ങളിൽ എത്താൻ റോഡുമാർഗം നിലവിൽ വാഹന ഗതാഗതം സാധ്യമല്ല. എ.സി. റോഡിനു സമീപം ഈ പ്രദേശത്തു കടന്നു പോകുന്ന ടെംകോ പാലം മുതൽ കനത്ത മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും മൂലം മുഴുവൻ റോഡുകളും വെള്ളത്തിലായി. വാഴപ്പള്ളി പഞ്ചായത്തിൽ വെട്ടിത്തുരുത്ത്, തുരുത്തേൽ, പറാൽ, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര ഇഞ്ചൻതുരുത്ത്, ചാമ, തൂപ്രം, ചീരഞ്ചിറ, പുതുച്ചിറ തൃക്കൊടിത്താനം പഞ്ചായത്തിൽ, പൊട്ടശേരി, ചെറുവേലി ഭാഗം, ഇരൂപ്പാ പാലത്തിനിരുവശവും നഗരത്തിൽ പെരുന്ന അട്ടിച്ചിറ കോളനിയിലും റയിൽവേ പുറംമ്പേക്കിലുള്ളവരെ പുന:രധിവസിപ്പിച്ചിട്ടുള്ള ഭാഗം, നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളായ വാലുമ്മേൽച്ചിറ, മഞ്ചാടിക്കര ഭാഗങ്ങളിലും കോണത്തോടി, മാടത്താനി പ്രദേശങ്ങളിലും എസി റോഡിലെ ആവണി, മനയ്ക്കച്ചിറ, പൂവം പാലം, പാറയ്ക്കൽ കലുങ്ക്, കിടങ്ങറ പെട്രോൾ പമ്പിനു സമീപം എ.സി. റോഡിനിരുവശവും ഉള്ള വീടുകളിലും വെള്ളം കയറിട്ടുണ്ട്. വെള്ളം കയറിനെ തുടർന്നു പലുടെയും വീട്ടുപകരണങ്ങൽ നഷ്ട്ടപെട്ടിട്ടുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്.






