തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് 50 വർഷം പഴക്കമുള്ള ചന്ദനമരം ഈ മാസം മുറിച്ചുമാറ്റിയ സംഭവം ആസൂത്രിത മോഷണമെന്ന് അന്വേഷണ റിപ്പോർട്ട്.
തിരുവനന്തപുരം നന്തൻകോട് കാന്റീൻ നവീകരണ പ്രവർത്തനങ്ങള്‍ക്കിടെ ചന്ദനമരം മുറിച്ചത് അബദ്ധമാണെന്നായിരുന്നു കരാറുകാരന്റെ വിശദീകരണം.
മൈലാഞ്ചി മരമെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ മുറിച്ചുമാറ്റിയതാണെന്ന കരാറുകാരുടെ പ്രാഥമിക വിശദീകരണം അന്വേഷണത്തില്‍ തള്ളപ്പെട്ടു. ഉപേക്ഷിച്ച തടിഭാഗങ്ങളുടെ മഹസറില്‍, തടിഭാഗങ്ങളില് പ്രധാനപ്പെട്ടവ നഷ്ടമായതായി കണ്ടെത്തി. ജൂണ്‍ 9 നായിരുന്നു സംഭവം. നടന്ന് ദിവസങ്ങളായെങ്കിലും, ഇനിയും വനംവകുപ്പ് അന്വേഷണത്തിനെത്തിയിട്ടില്ല.
മുറിച്ചുമാറ്റിയ ചില്ലകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതും, തടിയുടെ ചില ഭാഗങ്ങള്‍ കാണാതായതും സംഭവത്തില്‍ ദുരൂഹത വർധിപ്പിച്ചതോടെ കരാറുകാർക്കെതിരായ അന്വേഷണം കൂടുതല്‍ ശക്തമാക്കി. അടുത്ത പറമ്പിലായിരുന്നു വെട്ടിമാറ്റിയ ഭാഗങ്ങള്‍ രഹസ്യമായി സൂക്ഷിച്ചത്.
സംഭവം അബദ്ധമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത കാര്യമെന്നും ചൂണ്ടിക്കാട്ടുന്ന അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ദേവസ്വം കമ്മീഷണർക്ക് സമർപ്പിച്ചതായി കൂടുതല്‍ വിശദമായ അന്വേഷണത്തിന് നിർദേശമുണ്ട്. ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും.
കെട്ടിട പരിസരം വൃത്തിയാക്കുന്നതിനാണ് ബോർഡ് അനുമതി നല്‍കിയിരുന്നതെന്നും മരങ്ങള്‍ മുറിച്ചുമാറ്റാൻ യാതൊരു അനുമതിയും നല്‍കിയിരുന്നില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പാഴ്മരങ്ങളോ ചില്ലകളോ മുറിക്കാൻ കരാറുകാരന് നിർദേശം നല്‍കിയിരുന്നില്ല. പ്രധാന തടി മുറിക്കുന്നതിന് മുമ്പ് ചില്ലകള്‍ വെട്ടിമാറ്റിയതടക്കമുള്ള കാര്യങ്ങളില്‍ കരാറുകാരുടെ മൊഴികളില്‍ ഗുരുതരമായ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതായും റിപ്പോർട്ടില്‍ പറയുന്നു.
മുറിച്ചുമാറ്റിയ ചന്ദനമരവും ചില്ലകളും അധികൃതർ കണ്ടെത്തി സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കരാറുകാർക്കും മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഓവർസിയർമാർക്കുമെതിരെ കർശനമായ നിയമനടപടികള്‍ ആരംഭിച്ചതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.






