കോഴിക്കോട്: ചാലിയാറിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിൽ (23) ആണ് മരിച്ചത്.
ഇന്നലെ രാത്രി 12.30ഓടെ മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്താണ് മീൻപിടിക്കാൻ പോയ മൂന്നംഗ സംഘം സഞ്ചരിച്ച തോണി മറിഞ്ഞത്. ബാസിലിനൊപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. എന്നാൽ ബാസിലിന് കരയ്ക്കെത്താനായില്ല.
വിവരം ലഭിച്ചതിനെ തുടർന്ന് പരിസരവാസികളും മാവൂർ ഫയർ യൂണിറ്റും പുലർച്ചെ നാലുമണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ബാസിലിന്റെ മൃതദേഹം കണ്ടെത്തിയത്.






