തിരുവനന്തപുരം: ചാല സ്വർണക്കവർച്ചയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കവർച്ച ചെയ്ത കൂടുതല്‍ സ്വർണം കണ്ടെത്തി.
വെള്ളായണിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് I KG 700 ഗ്രാം സ്വർണ്ണം. സ്വർണക്കവർച്ചക്ക് മുമ്പ് രണ്ട് ദിവസം പ്രതികള്‍ റിഹേഴ്സല്‍ നടത്തിയതായാണ് കണ്ടെത്തല്‍.
സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയാണ് ചാല സ്വർണ്ണക്കവർച്ചയ്ക്ക് പിന്നില്‍. ആറ്റുകാല്‍ ഗോള്‍ഡ് ആൻഡ് സില്‍വർ ഉടമ മഹരാഷ്ട്ര സ്വദേശി അമോല്‍,മാളവിക ജ്വല്ലറി ഉടമ തമിഴ്നാട് സ്വദേശി ജയറാം എന്നിവർക്ക് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനോട് തോന്നിയ പകയാണ് കവർച്ചയ്ക്ക് കാരണം. നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ കൃത്യമായി ആസൂത്രണം ചെയ്തു ലക്ഷങ്ങള്‍ വില വരുന്ന സ്വർണ്ണം തട്ടിയെടുക്കാൻ തീരുമാനിക്കുന്നു.തിരുവനന്തപുരത്തെ ഒരു ആഡംബര ഹോട്ടലിലെ മദ്യപാന സദസ്സിനിടെയാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇതിനായി അനൂപ് രാജിനു ക്വട്ടേഷൻ നല്കി മറ്റു പ്രതികളെ ഉള്‍പ്പെടുത്തി കവർച്ച നടത്തുന്നു.
നവംബർ 11,12 തീയതികളില്‍ കവർച്ചയ്ക്ക് ട്രയല്‍ നടന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ നന്ദകുമാർ നേരത്തെ ഇറങ്ങിയതും,റോഡില്‍ ആളുകള്‍ ഉള്ളതിനാലും ആ രണ്ടു ദിവസം ശ്രമം ഉപേക്ഷിച്ചു. പിന്നാലെയാണ് 13 നു നന്ദകുമാർ കടയില്‍ നിന്നുമിറങ്ങുന്നത് ഉറപ്പിച്ചു പ്രതികള്‍ കവർച്ച നടത്തിയത്. കൂടാതെ ക്വട്ടേഷന്റെ ആദ്യ തുകയെന്നോണം അമോല്‍ നാല് ലക്ഷം രൂപ അനൂപ് രാജിന് കൈമാറിയതിന്റെ തെളിവും പൊലീസ് ശേഖരിച്ചു.ഒളിവില്‍ കഴിയുന്നതിനു വേണ്ടിയായിരുന്നു ഈ തുക കൈമാറിയത്. വയനാട്ടില്‍ നിന്നും തിരുവനന്തപുരത്തെത്തിച്ച അനൂപ് രാജ്,ഷാഡോ അനില്‍,വിനോദ് ആന്റ്ണി എന്നിവരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുള്‍.ആർ.ബി.കൃഷ്ണ നേരിട്ട് ചോദ്യം ചെയ്തു. വയനാട്ടില്‍ പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപെട്ട കേസിലെ മറ്റൊരു പ്രതി
ശ്രാവണ്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്.ഇതോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുടെ എണ്ണം ഏഴായി.






