തിരുവനന്തപുരം: ചാലയില്‍ ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത പ്രതികളുടെ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു.
HONDA CB 350 MODEL ബൈക്കിലാണ് പ്രതികള്‍ എത്തിയത്. കറുപ്പും മഞ്ഞയും നിറമുള്ള ബൈക്കായിരുന്നു ഇത്. ജ്വല്ലറി ഉടമയായ നന്ദകുമാര്‍ കട അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു മോഷണം.
നന്ദകുമാറിനെ പ്രതികള്‍ ബൈക്കില്‍ പിന്തുടരുന്നതിന്റെയും സ്വര്‍ണം കവരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. തിരുവനന്തപുരം മരക്കട റോഡിലെ എസ്ബിഐ ബാങ്കിന് സമീപത്ത് വെച്ചാണ് മോഷണം നടന്നത്.
രണ്ട് കിലോ സ്വര്‍ണം പോയി എന്നാണ് സ്ഥാപനയുടമ പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. രണ്ട് വണ്ടികളിലായാണ് മോഷ്ടാക്കള്‍ എത്തിയതെന്നും താനും മകനും രണ്ട് വണ്ടികളിലായി വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.
10.30ന് കട അടച്ചു. 10.33നാണ് മോഷ്ടാക്കള്‍ എത്തിയത്. നന്ദകുമാറിന്റെ കൈയിലാണ് ബാഗ് ഉണ്ടായിരുന്നത്. ഇവരെ പിന്തുടര്ന്ന് എത്തിയ മോഷ്ടാക്കള്‍ സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.
നിലവില്‍ ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതിനാല്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഫോർട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.






