ഇടുക്കി: അരിക്കൊമ്പന് പിന്നാലെ ചക്കക്കൊമ്പനെയും മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പ്.
ആനയെ റേഡിയോകോളർ ഘടിപ്പിച്ച് അതേ ആവാസവ്യവസ്ഥയിൽ തുറന്നുവിടാനുള്ള ദൗത്യത്തിന് ഇന്ന് തുടക്കമാകും.
കുങ്കിയാനകളായ വിക്രമും ഭരതും വൈകിട്ടോടെ എത്തുന്നതോടെ സംഘം സജ്ജമാകും.
റേഡിയോകോളറും ഇന്നെത്തും.അനുകൂല സാഹചര്യമൊത്തുവന്നാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മയക്കുവെടിവച്ച് പിടികൂടും.
പരിശോധനയും ചികിത്സയും പൂർത്തിയാക്കിയ ശേഷമായിരിക്കും മോചനം.
നാല് വെറ്ററിനറി സർജൻമാരും ഹൈറേഞ്ച് സി.സി.എഫും മൂന്നാർ ഡി.എഫ്.ഒയും ദൗത്യത്തിന് നേതൃത്വം നൽകും.
ദുർഘടമായ ഭൂപ്രകൃതിയാണ് പ്രധാന വെല്ലുവിളി. അനുയോജ്യമായ നിരപ്പായ പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അരിക്കൊമ്പൻ ദൗത്യം 23 ദിവസം നീണ്ടിരുന്നു.
നിലവിൽ ചക്കക്കൊമ്പനെ റാപ്പിഡ് റെസ്പോൺസ് സംഘം തെർമൽ ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്.






