ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനായി കോടികള്‍ ചിലവഴിച്ച് സര്‍ക്കാര്‍. 2025-26 വര്‍ഷത്തില്‍ മാത്രം 92 കോടി രൂപയിധകമാണ് ചിലവഴിച്ചത്.
അറ്റകുറ്റപ്പണികളും നവീകരണവും പരിപാലനവും കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റ് വഴി 2014-15നും 2025-26 നും ഇടയില്‍ മന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാനായി 547.68 കോടി രൂപയാണ് ചിലവഴിച്ചത്.
മന്ത്രിമാരുടെ വസതികളുടെ കാലപ്പഴക്കമാണ് നവീകരണത്തിനായി വന്‍തുക ചിലവാക്കേണ്ട സ്ഥിതിക്ക് കാരണമാവുന്നതെന്ന് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
ചോര്‍ച്ച, കാലപ്പഴക്കം വന്ന ഉപകരണങ്ങള്‍, പ്ലംബിങ് പ്രശ്നങ്ങള്‍ എന്നിവയാണ് ഉദ്യോഗസ്ഥര്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
'മന്ത്രിമാരുടെ ഔദ്യോഗിക വസതികളില്‍ ഭൂരിഭാഗവും 80-100 വര്‍ഷം വരെ പഴക്കമുള്ളതാണ്. ന്യൂഡല്‍ഹിയുടെ കൊളോണിയല്‍ കാലഘട്ടത്തിലെ
ഔദ്യോഗിക ബംഗ്ലാവുകളില്‍ ഭൂരിഭാഗവും രൂപകല്‍പ്പന ചെയ്തത് ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള പബ്ലിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റിലെ ആര്‍ക്കിടെക്റ്റുകളാണ്'- ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
2014 മുതൽ 2019 വരെ മന്ത്രിമാർ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി പ്രതിവർഷം ശരാശരി 26.78 കോടി രൂപയാണ് ചിലവഴിച്ചത്.
തുടർന്ന് 2019 മുതൽ 2024 വരെയുള്ള കാലയളവിൽ വാർഷിക ശരാശരി ചിലവ് ഏകദേശം 50 കോടി രൂപയായി ഉയർന്നു. 2024-25ൽ ചിലവ് 71.98 കോടി രൂപയും 2025-26ൽ 92.35 കോടി രൂപയുമായിരുന്നു.






