കോട്ടയം: പുതുപ്പള്ളിയുടെ പൗരാണിക പാരമ്പര്യവും ചരിത്രവും സാംസ്കാരിക പൈതൃകവും ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനും വരുംതലമുറയ് ക്കു പരിചയപ്പെടുത്തുന്നതിനുമായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നു..
വിവിധ മേഖലകളിലെ പുതുപ്പള്ളിയുടെ പൈതൃകം അടയാളപ്പെടുത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ പ്രധാനഘടകമായി പുതുപ്പള്ളി ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കും. പൗരാണിക ചരിത്രം മുതല്‍ ആധുനിക കാലഘട്ടം വരെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനൊപ്പം നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവരുടെ സംഭാവനകളും മ്യൂസിയത്തില്‍ അടയാളപ്പെടുത്തും.
അപൂര്‍വ ചിത്രങ്ങള്‍, ചരിത്രരേഖകള്‍, പുസ്തകങ്ങള്‍, പുരസ്കാരങ്ങള്‍, വ്യക്തിപരമായ വസ്തുക്കള്‍, കത്തുകള്‍, ദൃശ്യ-ശ്രവ്യ സാമഗ്രികള്‍ തുടങ്ങിയവ സാധ്യമായിടത്തോളം ശേഖരിച്ച് സംരക്ഷിക്കും. ഹെറിറ്റേജ് കള്‍ച്ചറല്‍ സെന്ററിനെ ചരിത്രം, പൈതൃകം, സംസ്കാരം, തീര്‍ഥാടനം, വിനോദസഞ്ചാരം എന്നിവയെ ഏകോപിപ്പിക്കുന്ന സമഗ്ര കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യം.പ്രധാന ശബരിമല ഇടത്താവളങ്ങളിലൊന്നായി പുതുപ്പള്ളിയെ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും വിശദമായി പരിശോധിക്കും. ശബരിമല തീര്‍ഥാടകര്‍ക്കു വിശ്രമിക്കാനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ ഭാവിയില്‍ ഇവിടെ ഒരുക്കുന്നതിനും പദ്ധതിയുണ്ട്. വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള പ്രദേശം കേന്ദ്രീകരിച്ചാണു പദ്ധതിയുടെ പ്രാരംഭ ആലോചനകള്‍. വെന്നിമലയുടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യം മനസിലാക്കാനും കഴിയുന്ന തരത്തില്‍ വാച്ച് ടവര്‍, റോപ് വേ തുടങ്ങിയ ടൂറിസം സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സാധ്യതാ പഠനവും നടത്തും. സാങ്കേതിക, പാരിസ്ഥിതിക, സാമ്പത്തിക, പൈതൃക പഠനങ്ങള്‍ നടത്തി പദ്ധതികളുടെ പ്രായോഗികത വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.
പദ്ധതിയുടെ ആദ്യ ആലോചനായോഗം ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ വസതിയില്‍ ചേര്‍ന്നു. വിവിധ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് പദ്ധതിക്കു കൂടുതല്‍ ശാസ്ത്രീയവും സമഗ്രവുമായ രൂപം നല്‍കും.
സർക്കാർ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ സഹകരണവും പദ്ധതിക്കായി തേടും. പത്രസമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജെയ്ജി പാലയ്ക്കലോടി, സാബു പുതുപ്പറമ്പില്‍, എന്‍.കെ. ഋഷിരാജന്‍, പ്രസാദ് കരുനാട്ട്പറമ്പില്, വി.എസ്. പരമേശ്വരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.






