പത്തനംതിട്ട: അടൂര്‍ പഴകുളത്ത് രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി.
കനാല്‍ റോഡില്‍ കാടുപിടിച്ച ഭാഗത്ത് വെച്ചാണ് കുട്ടികളെ കാറില്‍ കയറ്റാന്‍ ശ്രമിച്ചത്.
ഇത് കണ്ട സമീപവാസിയായ സ്ത്രീ ബഹളം വെച്ചതോടെ കാര്‍ ഓടിച്ചുപോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തിങ്കളാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.
ഒമ്പത് വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെയാണ് കാറിലെത്തിയവര്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്.
കാറില്‍ ഉണ്ടായിരുന്നത് ഒരു പുരുഷനും സ്ത്രീയുമാണെന്ന് കുട്ടികള്‍ പറഞ്ഞു.
മദ്രസയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ കാട് മൂടിയ പ്രദേശത്ത് എത്തിയപ്പോഴാണ് കാറ് കുട്ടികള്‍ക്ക് സമീപമെത്തിയത്.
ബന്ധുക്കളാണെന്നും കാറില്‍ കയറാനാവശ്യപ്പെടുകയുമായിരുന്നു
ഉമ്മയെ അറിയാമെന്നും വീട്ടില്‍ കൊണ്ടുവിടാമെന്നുമാണ് ഇവര്‍ പറഞ്ഞത്.
തുടര്‍ന്ന് കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടുന്നത് കണ്ട സമീപവാസിയായ സ്ത്രീ ബഹളം വയ്ക്കുകയും കാര്‍ വേഗത്തില്‍ സ്ഥലത്ത് നിന്ന് പോവുകയുമായിരുന്നു.
തുടർന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൊടുമണ്‍ അങ്ങാടിക്കലിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി പരാതിയുണ്ട്.
ഒറ്റത്തേക്ക് കൊച്ചുകല്‍ ജംഗ്ഷനില്‍ വെച്ച് അഞ്ചാം ക്ലാസുകാരനെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്.
പഴകുളത്തു നിന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അതേദിവസം രാവിലെയാണ് സംഭവം.
കാറില്‍ എത്തിയ സ്ത്രീയും പുരുഷനും സ്കൂളില്‍ വിടാം എന്ന് കുട്ടിയോട് പറഞ്ഞു.
കുട്ടി കയറാന്‍ തയ്യാറാകാതിരുന്നതോടെ ഇവര്‍ ശ്രമം ഉപേക്ഷിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പത്തനംതിട്ടയില്‍ രണ്ട് സ്ഥലങ്ങളിലായി നടന്ന തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ക്കും പിന്നില്‍ ഒരേ സംഘം എന്ന സംശയത്തിലാണ് പൊലീസ്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്






