മൂവാറ്റുപുഴ: കാനഡയിലെ കെയർ ഹോമിൽ ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കോട്ടയത്തെ റിക്രൂട്ടിങ് ഏജൻസി ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം നാഗമ്പടത്ത് ഇന്തോ ക്യാൻ ഓവർസീസ് എന്ന സ്ഥാപനം നടത്തുന്ന ജയിംകുട്ടി കുര്യാക്കോസിനെതിരെയാണ് വഞ്ചനക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
മാറാടി കോളനിപ്പടി സ്വദേശി പി.ബി. അരവിന്ദ് നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ ഭാര്യ രാജിമോൾക്ക് കാനഡയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പണം കൈക്കലാക്കിയതെന്നാണ് പരാതി. പല ഘട്ടങ്ങളിലായി 8 ലക്ഷം രൂപ പ്രതിയുടെ ചങ്ങനാശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുനൽകിയിരുന്നു.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജോലി നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതി. ഇതോടെ അരവിന്ദ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






