ഇരിട്ടി; കർണാടകയിലെ കുടക് സിദ്ധാപുരില്‍ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം.
സിദ്ധാപുർ ഹൈസ്കൂളിനു സമീപം താമസിക്കുന്ന വിജേഷ് (36), ഭാര്യ പമിത (34), മകള്‍ ലിയ (4) എന്നിവരാണു മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. സിദ്ധാപുർ ബദഗ ബനംഗലയിലെ എസ്റ്റേറ്റില്‍ ജോലിക്കാരാണ് വിജേഷും പമിതയും. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കാറിനുള്ളില്‍ കുടുങ്ങിയ 3 പേരും മുങ്ങിമരിച്ചു.
വർഷങ്ങള്‍ക്കു മുൻപ് കുടകില്‍ താമസമാക്കിയ വിജേഷ് മലയാളിയാണെന്നാണു സൂചന. അതേസമയം കേരളത്തില്‍ എവിടെയാണെന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. അപകടം രാത്രി ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. ഇന്നലെ രാവിലെ പ്രദേശത്തെ തോട്ടം തൊഴിലാളികള്‍ തടാകത്തില്‍ കാർ കണ്ടെത്തിയതോടെയാണു മൂന്നുപേരുടേയും മരണം പുറത്തറിഞ്ഞത്. കനത്ത മൂടല്‍മഞ്ഞില്‍ റോഡ് കാണാൻ പറ്റാതായതാണ് അപകട കാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു






