സൂറിച്ച്: ലോക ഫുട്ബോളിന്റെ ഔദ്യോഗിക ബോഡിയായ ഫിഫയില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍. നിലവിലെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് വിവരം.
അദ്ദേഹത്തിനൊപ്പം തന്നെ ഫ്രഞ്ച്, ജാപ്പനീസ് ഫെഡറേഷനുകളുടെ പ്രസിഡന്റുമാരായ ഫിലിപ്പ് ഡയല്ലോ, കോസോ താഷിമ എന്നിവരും മത്സരിക്കാനുണ്ടാകും. അതേ സമയം കഴിഞ്ഞ മാസം മത്സരിക്കാനുള്ള ആഗ്രഹം പ്രഖ്യാപിച്ച മുന്‍ സ്വിസ് പ്രതിരോധ താരം റാമോണ്‍ വെഗ വ്യാഴാഴ്ച ഫിഫ പരാമര്‍ശിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഉണ്ടായിരുന്നില്ല.
2027 മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് ഇന്‍ഫാന്റിനോക്ക് എതിരാളികളുണ്ടാകുന്നത്. 2023-ല്‍ ഇന്‍ഫാന്റിനോ എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഫിഫ കൗണ്‍സിലിലും പ്രതിനിധീകരിക്കുന്ന യുവേഫ അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് (എഫ്എഫ്എഫ്) പ്രസിഡന്റ് ഡയല്ലോ തിങ്കളാഴ്ച തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ജാപ്പനീസ് ഫെഡറേഷന് അസോസിയേഷന് പ്രസിഡന്റ് താഷിമ ഈ മാസം ആദ്യം തന്റെ ബിഡ് പ്രഖ്യാപിക്കുകയും ബുധനാഴ്ച ഔദ്യോഗികമായി നാമനിര്‍ദ്ദേശം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
സ്ഥാനാര്‍ഥികളുടെ എന്‍ട്രികള്‍ തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും. ഈ സമിതിയാണ് നാമനിര്‍ദ്ദേശ അപേക്ഷകള്‍ സംബന്ധിച്ച അന്തിമതീരുമാനമെടുക്കുക. 2027 ഫെബ്രുവരി 18ന് സ്ഥാനാര്‍ഥികളുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിടും. ഫിഫയില്‍ അംഗങ്ങളായ അസോസിയേഷനുകളെയും ഇക്കാര്യം അറിയിക്കും.






