ബർലിൻ: ജർമനിയിലെ ഗെല്സൻകിർഷനില് കുട്ടികളുടെ പാർക്കിലിരുന്ന് കരഞ്ഞ 31-കാരിയായ ഹനയ്ക്ക് നഗരസഭ 25 യൂറോ (ഏകദേശം 2,540 രൂപ) പിഴ ചുമത്തി.
ഒക്ടോബർ 25-നാണ് സംഭവം. പഠനഭാരവും സാമ്പത്തിക പ്രയാസങ്ങളും മൂലം കടുത്ത മാനസിക വിഷമത്തിലായിരുന്ന ഹന, മനസ്സൊന്ന് ശാന്തമാക്കാനാണ് പാർക്കിലെത്തിയത്. ബെഞ്ചിലിരുന്ന് ആന്റിയെ ഫോണ്‍ ചെയ്ത് സംസാരിക്കുന്നതിനിടെ അവർ പൊട്ടിക്കരയുകയായിരുന്നു.
ഹന പാർക്കിലിരിക്കുമ്പോള്‍ നഗരസഭാ ഉദ്യോഗസ്ഥർ അവിടെയെത്തി. സമീപത്ത് ഊഞ്ഞാലാടുകയായിരുന്ന ആണ്‍കുട്ടികളുടെ അമ്മയാണോ എന്ന് ഹനയോട് ഉദ്യോഗസ്ഥർ ചോദിച്ചു. അല്ലെന്ന് മറുപടി പറഞ്ഞതോട ഉദ്യോഗസ്ഥർ 25 യൂറോ (ഏകദേശം 2,540 രൂപ) പിഴ ചുമത്തുകയായിരുന്നു.
പഠനവും സാമ്പത്തിക കാര്യങ്ങളുമൊക്കെയായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ഞാൻ. കുട്ടികളില്ലാതെ കളിസ്ഥലങ്ങളില്‍ ഇരിക്കുന്നത് നഗരസഭാ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അറിയില്ലായിരുന്നു. ആരും കാണാതെ ഒറ്റയ്ക്കിരിക്കാൻ മാത്രമാണ് ആഗ്രഹിച്ചത്''- ഹന മാധ്യമങ്ങളോട് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റം തന്നെ വല്ലാതെ പ്രകോപിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തതായി ഹന പറഞ്ഞു. ''ഇതിലൊക്കെ എവിടെയാണ് മനുഷ്യത്വം? ഒരാള്‍ ഇരുന്ന് കരയുന്നത് കണ്ടാല്‍ ആദ്യം ചോദിക്കേണ്ടത് നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? എന്തെങ്കിലും സഹായം വേണോ? എന്നല്ലേ? അതിനുശേഷമല്ലേ കുട്ടികളില്ലാതെ ഇവിടെ ഇരിക്കാൻ പാടില്ലെന്ന നിയമം പറഞ്ഞ് മനസ്സിലാക്കേണ്ടിയിരുന്നത്?''- ഹന ചോദിക്കുന്നു.
ഗെല്സൻകിർഷനിലെ മുൻസിപ്പല്‍ നിയമപ്രകാരം 14 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമുള്ളതാണ് ഇത്തരം പാർക്കുകള്‍. കുട്ടികളോടൊപ്പമല്ലാതെ മറ്റുള്ളവർക്ക് ഈ കളിസ്ഥലങ്ങള്‍ ഉപയോഗിക്കാൻ അനുവാദമില്ല.






