കൊച്ചി: ബി.ജെ.പി വിട്ട പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് പ്രവർത്തകരോട് പരസ്യമായി മാപ്പ് പറഞ്ഞു. വികാരപരമായ ഒരു നിമിഷത്തില്‍ താൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബി.ജെ.പി പ്രവേശനമെന്ന് രാജിവെച്ച വേളയില്‍ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണെന്ന് അവർ വ്യക്തമാക്കി.
അന്ന് താൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും തന്നെയും സ്നേഹിച്ച നിരവധി കോണ്‍ഗ്രസ് പ്രവർത്തകർക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങിവരവിന് തയ്യാറെടുത്തതെന്നും പത്മജ കൂട്ടിച്ചേർത്തു. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല, മറിച്ച് ഒരു കോണ്‍ഗ്രസുകാരിയായി മാറണം എന്നത് മാത്രമാണ് തന്റെ മനസ്സിലുള്ളതെന്നും അവർ പറഞ്ഞു.
പല ഭാഗങ്ങളില്‍ നിന്നും ഉയർന്ന കോണ്‍ഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങള്‍ പൂർണ്ണമായും ഉള്‍ക്കൊള്ളുന്നുവെന്നും, ഓരോ കോണ്‍ഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം വിനിയോഗിക്കുകയാണെന്നും പത്മജ വ്യക്തമാക്കി. അടുത്ത മാസം അച്ഛന്റെ ചരമവാർഷിക വേളയില്‍ തന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തില്‍ ആദരവ് അർപ്പിക്കുക മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യമെന്നും അവർ അറിയിച്ചു.





