തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് പൂർത്തിയായി. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് ആറോടെ പൂർത്തിയായി. 58.04 ശതമാനമാണ് പോളിങ്. 385 പോളിങ് സ്റ്റേഷനുകളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ നാളെ രാവിലെ 10ന് ആരംഭിക്കും.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്. രണ്ട് കോർപറേഷൻ ഡിവിഷൻ(കൊച്ചി, കോഴിക്കോട്), മൂന്ന് നഗരസഭാ ഡിവിഷൻ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, 23 പഞ്ചായത്ത് വാർഡ് എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ്.
യുഡിഎഫ് 22, എൽഡിഎഫ് 15, ട്വന്റി20 ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കണക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പാണിത്. അതിനാൽ തന്നെ സമീപകാല രാഷ്ട്രീയസാഹചര്യം വോട്ടർമാരെ സ്വാധീനിക്കും.






