കൊച്ചി: സംസ്ഥാനത്തെ നിരത്തുകളില്‍ സ്വകാര്യ ബസുകള്‍ തമ്മിലുള്ള അപകടകരമായ മത്സരയോട്ടവും സമയക്രമം തെറ്റുമ്പോഴുണ്ടാകുന്ന തെരുവ് തർക്കങ്ങളും എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ അത്യാധുനിക സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ).
ഒരേ റൂട്ടിലോടുന്ന ബസുകള്‍ തമ്മിലുള്ള സമയവ്യത്യാസം നിരത്തിലെ ഗതാഗത സാഹചര്യങ്ങള്‍ക്കും തിരക്കിനും അനുസരിച്ച് തത്സമയം മാറ്റിയെഴുതുന്ന 'ഡൈനാമിക് ടൈം ഷെഡ്യൂളിങ്' (Dynamic Time Scheduling) സംവിധാനമാണ് മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
'കേരള ബസ്' പോലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഓരോ ബസിന്റെയും തത്സമയ സഞ്ചാര വിവരങ്ങള്‍ ജി.പി.എസ് വഴി കൃത്യമായി ശേഖരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം കടലാസിലെ പരമ്പരാഗത ടൈംടേബിള്‍ കൃത്യമായി പാലിക്കാൻ സാധിക്കാത്തതിനാലാണ് സാഹചര്യം വിലയിരുത്തി സ്വയം സമയം പുനഃക്രമീകരിക്കുന്ന രീതിയിലേക്ക് അതോറിറ്റി കടന്നത്.
ഈ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ, ഒരേ റൂട്ടില്‍ മുന്നിലോടുന്ന ബസ് എവിടെയെത്തി, പിന്നിലെ ബസ് എത്ര അകലെയാണ് തുടങ്ങിയ വിവരങ്ങള്‍ ഡ്രൈവർമാർക്ക് തത്സമയം അറിയാൻ സാധിക്കും. കൂടാതെ, ഓരോ സ്റ്റോപ്പിലും എത്ര മിനിറ്റ് കാത്തുനില്ക്കണം, എപ്പോള്‍ യാത്ര തിരിക്കണം എന്നതുള്‍പ്പെടെയുള്ള കൃത്യമായ സന്ദേശങ്ങള്‍ ഡ്രൈവർമാരുടെ മുന്നിലെ ഡാഷ്ബോർഡ് കണ്‍സോളില്‍ അപ്പപ്പോള്‍ തെളിയും.
ഒരേ റൂട്ടില്‍ സർവീസ് നടത്തുന്ന ബസുകള്‍ തമ്മില്‍ നഗരങ്ങളില്‍ കുറഞ്ഞത് അഞ്ച് മിനിറ്റും ഗ്രാമീണ മേഖലകളില്‍ പത്ത് മിനിറ്റും സമയവ്യത്യാസം ഉറപ്പുവരുത്തണമെന്ന് 2025 ഓഗസ്റ്റ് എട്ടിന് എസ്.ടി.എ ഉത്തരവിട്ടിരുന്നു.
പുതിയ പരിഷ്കാരം നിലവില്‍ വരുന്നതോടെ യാത്രക്കാർക്കും തങ്ങളുടെ മൊബൈല്‍ ആപ്പ് വഴി ഓരോ സ്റ്റോപ്പിലും അടുത്ത ബസ് എപ്പോള്‍ എത്തും എന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കും.
2026 നവംബർ ഒന്ന് കേരളപ്പിറവി ദിനം മുതല്‍ സംസ്ഥാനവ്യാപകമായി ഈ പുതിയ രീതി നിർബന്ധമാക്കാനാണ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നീക്കം. ഇത് പൂർണ്ണമായി പ്രവർത്തനക്ഷമമായാല്‍ പുതിയ പെർമിറ്റുകള്‍ക്കായി നിലവില്‍ നടത്തിവരുന്ന തർക്കഭരിതവും ദീർഘമേറിയതുമായ 'ടൈമിങ് കോണ്‍ഫറൻസുകള്‍' പൂർണ്ണമായി ഒഴിവാക്കാനാകും.
അതേസമയം, പദ്ധതി പ്രാവർത്തികമാക്കുന്നതില്‍ ഒട്ടേറെ വെല്ലുവിളികളും ഉയരുന്നുണ്ട്. ബസുകളിലെ സാങ്കേതിക ഉപകരണങ്ങളുടെ കൃത്യമായ ഏകോപനം, ഇന്റർനെറ്റ് ലഭ്യത, ബസ് ഉടമകളുടെ ഭാഗത്തുനിന്നുള്ള എതിർപ്പുകള്‍ തുടങ്ങിയവ എങ്ങനെ മറികടക്കുമെന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല.
പദ്ധതിയുടെ പ്രായോഗിക വശങ്ങളും സാങ്കേതിക തടസ്സങ്ങളും സമഗ്രമായി പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പദ്ധതിയുടെ അന്തിമ പ്രവർത്തനരൂപത്തെക്കുറിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ ലഭിക്കാത്തത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിലും കടുത്ത ആശയക്കുഴപ്പത്തിന് വഴിവെച്ചിരിക്കുകയാണ്.






