തിരുവനന്തപുരം : തിരുവോണം ബംപർ ഭാഗ്യവാനെ തിരയുകയാണ് മലയാളികൾ. കണ്ണൂർ തളിപ്പറമ്പിൽ നിന്ന് വിറ്റ ടിഎൽ 360615 ടിക്കറ്റ് ആരുടെ കൈവശമാണ് ഉള്ളതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ടിക്കറ്റ് വിറ്റ ലോട്ടറി ഏജൻസികൾ പലവഴിക്ക് ഇപ്പോഴും അന്വേഷിക്കുകയാണ്.
കണ്ണൂർ ചക്കരക്കൽ മുത്തു ഏജൻസീസിൽ നിന്ന് എടുത്ത്, തളിപ്പറമ്പിലെ പിവി വത്സരാജൻ തമ്പുരാൻ ലോട്ടറി സ്റ്റാൾ വിറ്റ ടിക്കറ്റിനാണ് തിരുവോണം ബംപർ അടിച്ചത്. ചില്ലറ വില്പനക്കാരനായ സുജിത്ത് ആണ് തളിപ്പറമ്പ് ടൗണിൽ ടിക്കറ്റ് വിറ്റത്. ഭാഗ്യവാൻ ആരെന്ന് അറിയില്ലെങ്കിലും ഏജൻസിയും നാട്ടുകാരും ആഘോഷത്തിലാണ്. തളിപ്പറമ്പ് കോർട്ട് റോഡിലാണ് ടിക്കറ്റ് വിറ്റു പോയത്.
ഒരു വർഷം മുൻപ് മാത്രം ലോട്ടറി വില്പന ആരംഭിച്ച സുജിത്ത് തന്റെ കയ്യിലൂടെ ബംബർ വിറ്റതിന്റെ ആഹ്ളാദ തിമിർപ്പിലാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30 കോടി ലഭിച്ച ഭാഗ്യവാൻ ആരെന്ന് അറിയുന്നതിൽ ആകാംഷ തുടരുകയാണ്.






