സുൽത്താൻ ബത്തേരി; തമിഴ്നാട്ടിലെ ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കോത്തഗിരിക്ക് സമീപം എസ്. കൈകാട്ടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ മൂന്ന് കാട്ടുപോത്തുകൾ വാഹനങ്ങൾ തകർത്തു.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും സമീപത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കുമാണ് കാട്ടുപോത്തുകൾ ആക്രമിച്ചത്. ആദ്യം മൈതാനത്ത് പുല്ലുതിന്നുന്നതിനിടെ പോത്തുകൾ തമ്മിൽ കൊമ്പുകോർത്തിരുന്നു. പിന്നാലെ പൊടുന്നനെ വാഹനങ്ങൾക്ക് നേരെ തിരിയുകയായിരുന്നു.
ഒരു കാറിന്റെ പിൻഗ്ലാസ് പൂർണമായും തകർന്നു. രണ്ട് കാറുകളുടെയും ബോഡിക്കും കാര്യമായ നാശനഷ്ടമുണ്ടായി. തുടർന്ന് ഒരു പോത്ത് ബൈക്കിനടുത്തെത്തി കൊമ്പിൽ കോർത്ത് വാഹനം ചുഴറ്റി എറിയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പോത്തുകൾ ആക്രമണം തുടരുന്നതിനിടെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവയെ സമീപത്തെ തേയിലത്തോട്ടം വഴി വനത്തിലേക്ക് തുരത്തി. ആഴ്ചകളായി കാട്ടുപോത്തുകൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നതായി പ്രദേശവാസികൾ പറഞ്ഞു.






