എരുമേലി : 2018ലെ മഹാപ്രളയത്തിൽ അപകടാവസ്ഥയിലായ ആമക്കുന്ന് പാലത്തിന്റെ നിർമാണവും അനുബന്ധ റോഡും പൂർത്തിയായി. ഗതാഗതഗതത്തിനായി പാലം ഉടൻ തുറക്കും.
പാലം തുറക്കുന്നതോടെ പ്രദേശത്തെ യാത്രാക്ളേശത്തിന് പരിഹാരമാകും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ആയിരുന്നപ്പോൾ 80 ലക്ഷം രൂപാ വകയിരുത്തി കഴിഞ്ഞ മാർച്ചിലാണ് നിർമാണം തുടങ്ങിയത്.
എരുമേലി സെയ്ന്റ് തോമസ് സ്കൂൾ ജങ്ഷന് സമീപം വലിയതോടിന് കുറുകെയാണ് പാലം. തോടിനക്കരെയുള്ള പ്രദേശവാസികളുടെ പ്രധാന യാത്രാ മാർഗം.
2018-ലെ പ്രളയവും തുടർന്നുണ്ടായ പ്രളയങ്ങളും മൂലം പാലത്തിന് ബലക്ഷയമായി. പാലത്തിന്റെ കൽക്കെട്ടുകൾ ഇളകി അപകടകരമായ സാഹചര്യം. തുടർന്നാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ആസ്തിവികസന ഫണ്ടിൽ തുക അനുവദിച്ചത്.
നിർമാണം പൂർത്തിയായ സാഹചര്യത്തിൽ പാലം തുറക്കുന്നതോടെ, ആമക്കുന്നിലേക്കുള്ള റോഡ് വികസിപ്പിച്ചാൽ തീർഥാടന കാലത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനുതകുന്ന സമാന്തര പാതയാക്കാം.
എരുമേലി മാസ്റ്റർ പ്ലാനിൽ റോഡ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടികൾ ഇഴയുന്ന സാഹചര്യമാണ്.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങൾക്ക് ആമക്കുന്ന് പാലം വഴി എരുമേലി ടൗൺ ഒഴിവാക്കി കെ.എസ്.ആർ.ടി.സി. ജങ്ഷൻ, ധർമശാസ്താ ക്ഷേത്രത്തിന് പിന്നിലുള്ള ജങ്ഷൻ, അതുവഴി റാന്നി സംസ്ഥാനപാതയിലെ കരിമ്പിൻതോട്, ഓരുങ്കൽക്കടവ് വഴി മുക്കൂട്ടുതറ, വെച്ചൂച്ചിറ, മുക്കട, ചേനപ്പാടി തുടങ്ങി വിവിധ
പ്രദേശങ്ങളിലേക്ക് പോകാനാവും. കാഞ്ഞിരപ്പള്ളി-എരുമേലി, എരുമേലി-റാന്നി സംസ്ഥാന പാതകളെ എരുമേലി ടൗണിലെത്താതെ ബന്ധിപ്പിക്കുന്ന കുറുവാമൂഴി-ഓരുങ്കൽക്കടവ്-കരിമ്പിൻതോട് പാതയിലേക്കും ആമക്കുന്ന് പാലത്തിലൂടെ എത്താൻ സാധിക്കും.






