ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം, ചിന്തകളില്‍ അവ്യക്തത, മന്ദഗതിയിലുള്ള ചിന്താശേഷി, ഏകാഗ്രതക്കുറവ് എന്നിവയ്ക്ക് കാരണമാകുന്ന ഒന്നാണ് 'ബ്രെയിൻ ഫോഗ്'.
സ്ഥിരമായ മാനസിക അവ്യക്തതയോ ശ്രദ്ധക്കുറവോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് 'ബ്രെയിൻ ഫോഗ്' (brain fog) എന്ന അവസ്ഥയാകാം.
'ബ്രെയിൻ ഫോഗ്' (brain fog) എന്നത് കേവലം ചെറിയൊരു ശ്രദ്ധക്കുറവ് മാത്രമല്ല. ഇത് ദൈനംദിന കാര്യങ്ങളെ സാരമായി തടസ്സപ്പെടുത്തുകയും, ജോലിസ്ഥലത്തെ ലളിതമായ സംഭാഷണങ്ങള്‍ പോലും പ്രയാസകരമാക്കുകയും, നിത്യജീവിതത്തിലെ സാധാരണ നിർദ്ദേശങ്ങള്‍ കാര്യക്ഷമമായി മനസ്സിലാക്കി പ്രവർത്തിക്കാനുള്ള കഴിവിനെ മന്ദഗതിയിലാക്കുകയും ചെയ്തേക്കാം.
രോഗപ്രതിരോധ സംവിധാനം തലച്ചോറില്‍ വീക്കം (ന്യൂറോ-ഇൻഫ്ലമേഷൻ) ഉണ്ടാക്കിയേക്കാമെന്നും, ഇത് വിവരങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ താല്‍ക്കാലികമായി തടയുകയോ അതിന് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്തേക്കാമെന്നും ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
സാധാരണഗതിയില്‍ ഇത് അപകടകരമല്ലെങ്കിലും, ഒരാളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ജീവിതനിലവാരത്തെയും ഇത് കാര്യമായി ബാധിച്ചേക്കാം. മോശം ഉറക്കം, മാനസിക സമ്മർദ്ദം, പോഷകക്കുറവുള്ള ഭക്ഷണം, നിർജ്ജലീകരണം തുടങ്ങിയ ജീവിതശൈലീ ഘടകങ്ങള്‍ ഇതിന് കാരണമായേക്കാം. അതുപോലെ ഹോർമോണ്‍ അസന്തുലിതാവസ്ഥ, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍, വൈറല്‍ അണുബാധയ്ക്ക് ശേഷമുള്ള അവസ്ഥകള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായും ഇതിന് ബന്ധമുണ്ടാകാം.
1. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ട്
'ബ്രെയിൻ ഫോഗ്' (brain fog) അനുഭവിക്കുന്നവർക്ക്, നിത്യജീവിതത്തിലെ സാധാരണ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പലപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇത് സംഭാഷണങ്ങള്‍ പിന്തുടരുന്നതിനോ, ജോലിയിലെ കാര്യങ്ങള്‍ പൂർത്തിയാക്കുന്നതിനോ, അല്ലെങ്കില്‍ വായനയിലോ കേള്‍വിയിലോ ശ്രദ്ധയോടെ ഏർപ്പെടുന്നതിനോ തടസ്സമുണ്ടാക്കിയേക്കാം.
2. മറവി
സാധനങ്ങള്‍ വച്ചിടം മറന്നുപോകുക, കൂടിക്കാഴ്ചകളും പേരുകളും ഓർമ്മയില്‍ നില്‍ക്കാതിരിക്കുക തുടങ്ങിയവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇത് പ്രായം കൂടുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഓർമ്മക്കുറവില്‍ നിന്ന് വ്യത്യസ്തമാണ്.
3. മാനസിക ക്ഷീണം
ശാരീരിക ക്ഷീണത്തില്‍ നിന്ന് വ്യത്യസ്തമായി, മാനസിക ക്ഷീണം നിങ്ങളുടെ തലച്ചോറ് മന്ദഗതിയിലാകുകയോ ഊർജ്ജം നഷ്ടപ്പെടുകയോ ചെയ്യുന്നതായി അനുഭവപ്പെടുന്നു. ഒരിക്കല്‍ എളുപ്പമാണെന്ന് തോന്നിയ ജോലികള്‍, നിങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെങ്കില്‍ പോലും, അമിതമായി അല്ലെങ്കില്‍ ക്ഷീണിപ്പിക്കുന്നതായി മാറിയേക്കാം.
4. ചിന്താശേഷിയിലുള്ള മന്ദത
വിവരങ്ങള്‍ ഗ്രഹിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. മൂടല്‍മഞ്ഞിലൂടെ കടന്നുപോകുന്നതുപോലെയാണ് തലച്ചോറിന് പ്രവർത്തിക്കേണ്ടിവരുന്നത്. ഇത് പലപ്പോഴും നിരാശയ്ക്കോ പെട്ടെന്ന് ദേഷ്യം വരുന്ന അവസ്ഥയ്ക്കോ കാരണമായേക്കാം.
5. ദൈനംദിന പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്യാൻ പറ്റാതെ വരിക
ബ്രെയിൻ ഫോഗ് ഉള്ള ഒരാള്‍ക്ക് ദൈനംദിന പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോഴോ സംഘടിപ്പിക്കുമ്പോഴോ പ്രയാസം അനുഭവപ്പെടുകയോ ചെയ്യാം.
6. വാക്കുകള്‍ കണ്ടെത്താൻ ബുദ്ധിമുട്ട്
സംഭാഷണത്തിനിടയില്‍ ലളിതമായ വാക്കുകള്‍ പോലും ഓർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതിലൂടെ, ആശയവിനിമയത്തെ തടസ്സപ്പെടുത്താൻ 'ബ്രെയിൻ ഫോഗ്' (brain fog) കാരണമായേക്കാം. സംസാരിക്കുമ്പോള്‍ ഇടയ്ക്കിടെ നിർത്തേണ്ടി വരികയോ, തെറ്റായ വാക്കുകള്‍ ഉപയോഗിക്കുകയോ, അല്ലെങ്കില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാൻ പ്രയാസപ്പെടുകയോ ചെയ്തേക്കാം.
7. അസ്വസ്ഥതയോ മാനസികാവസ്ഥയിലുള്ള പെട്ടെന്നുള്ള മാറ്റങ്ങളോ
മാനസികമായ അവ്യക്തത പലപ്പോഴും ദേഷ്യം, വിഷാദഭാവം, പെട്ടെന്നുള്ള മാനസികാവസ്ഥാ മാറ്റങ്ങള്‍ തുടങ്ങിയ വൈകാരിക ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്. ചിന്തകളിലെ വ്യക്തതക്കുറവ് നിരാശയും മാനസികമായ ക്ഷീണവും ഉണ്ടാക്കുന്നതാണ് ഇതിനൊരു കാരണം.






