തിരുവനന്തപുരം: സംസ്ഥാനത്തെ ഇനിയുള്ള ബോർഡ്-കോർപ്പറേഷൻ പുനഃസംഘടനയിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിൽ ഒരു വിഭാഗം പ്രതിഷേധത്തിനൊരുങ്ങുന്നു.
പാർട്ടിക്കും മുന്നണിക്കും വേണ്ടി കഷ്ടപ്പെട്ടവരെയും, സമരരംഗത്ത് സജീവമായി പങ്കെടുത്തവരെയും, യുവാക്കളെയും പിന്നോക്ക വിഭാഗങ്ങളെയും ഉൾപ്പെടെ പരിഗണിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനിറങ്ങാനാണ് തീരുമാനം.
തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സീറ്റ് ലഭിക്കാതെ പോയവരെയും, പാർട്ടി തലത്തിൽ അർഹമായ പദവികൾ ലഭിക്കാത്തവരെയും എന്നാൽ ഇന്നും പാർട്ടിയിൽ സജീവമായി നിൽക്കുന്നവരെയും പുനഃസംഘടനയിൽ പരിഗണിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
മുൻപ് കോർപ്പറേഷൻ-ബോർഡ് പുനഃസംഘടനയിൽ പരിഗണിക്കപ്പെട്ടവർക്ക് തന്നെ വീണ്ടും നിയമനം നൽകുകയോ, ഗ്രൂപ്പ് തലത്തിലും പണത്തിന്റെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിൽ നിയമനം നടത്തുകയോ ചെയ്താൽ അതിനെ ശക്തമായി എതിർക്കാനും ഈ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.






