കോട്ടയം: കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം സെപ്റ്റംബർ 25, 26, 27 തീയതികളിൽ എം.കെ. സാനു നഗറിൽ (സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം) നടക്കും. രാവിലെ 9.30ന് സോപാന സംഗീതത്തോടെയാണ് പുസ്തകോത്സവത്തിന് തുടക്കമാകുന്നത്.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി.കെ. ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ് കുമാർ ആദ്യവിൽപ്പന നിർവഹിക്കും.
സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നായി ഓരോ മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ വീതം ആദരിക്കും. വിവിധ എഴുത്തുകാരുടെ എട്ട് പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകോത്സവ വേദിയിൽ നടക്കും.
സമകാലിക സാഹിത്യ പ്രവണതകളെക്കുറിച്ച് ഡോ. എം.ജി. ബാബുജിയും ഡോ. അജു കെ. നാരായണനും പ്രഭാഷണം നടത്തും. ബാലവേദി സംഗമം, വനിതാ സംഗമം, കവിയരങ്ങ്, എസ്. ജാനകി അനുസ്മരണവും ഗാനാഞ്ജലിയും, പുസ്തക ചർച്ച, നാടൻപാട്ട് അവതരണങ്ങൾ തുടങ്ങി വിവിധ പരിപാടികളും മേളയുടെ ഭാഗമായി നടക്കും.
കേരളത്തിലെ പ്രമുഖരായ 60 പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കെടുക്കും. ജില്ലയിലെ 400ഓളം ഗ്രന്ഥശാലകളിൽ നിന്നുള്ള പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പുസ്തകങ്ങൾ കാണാനും വാങ്ങാനും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും അവസരമുണ്ടാകും.
പുസ്തകോത്സവത്തിന്റെ പ്രചരണാർത്ഥം സെപ്റ്റംബർ 23ന് വൈകിട്ട് നാലിന് ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ നിന്ന് ഗാന്ധി സ്ക്വയറിലേക്ക് വിളംബര റാലിയും സംഘടിപ്പിക്കും. സമാപന സമ്മേളനം സി.എൻ. സത്യനേശൻ ഉദ്ഘാടനം ചെയ്യും.






