മുംബൈ: മുംബൈ മേയർ ഋതു താവ്ഡെയുടെ ഓഫീസിലേക്കും പ്രമുഖ വ്യക്തികള്‍ക്ക് നേരെയും ബോംബ് ആക്രമണ ഭീഷണി.
മേയറുടെ ഓഫീസിലേക്ക് വെള്ളിയാഴ്ച രാവിലെ ലഭിച്ച ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്.
ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ വസതി, നഗരത്തിലെ പ്രമുഖ സ്കൂളുകള്‍ എന്നിവിടങ്ങളില്‍ സ്ഫോടനവും ആക്രമണവും നടത്തുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. ഖലിസ്ഥാൻ നാഷണല്‍ ആർമി എന്ന പേരിലുള്ള സംഘടനയുടെ പേരിലാണ് സന്ദേശം വന്നിട്ടുള്ളത്.
നഗരത്തിലെ സ്കൂളുകള്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തുമെന്നും ഭീഷണിയുണ്ട്.
ഭീഷണി സന്ദേശം ലഭിച്ചയുടൻ മുംബൈ പോലീസും സുരക്ഷാ ഏജൻസികളും ശക്തമായ തിരച്ചില്‍ ആരംഭിച്ചു.
ബോംബ് ഡിസ്പോസല്‍ സ്ക്വാഡും ഡോഗ് സ്ക്വാഡും ഭീഷണി സന്ദേശത്തില്‍ പരാമർശിച്ചിട്ടുള്ള മേഖലകളില്‍ വിശദമായ പരിശോധന നടത്തി. ഇതുവരെ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് വ്യക്തമാക്കി.
മുൻകരുതല്‍ നടപടിയായി അമിതാഭ് ബച്ചന്റെ വസതിക്കും, മേയറുടെ ഓഫീസിനും, പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനും ഇതിനു പിന്നില്‍ പ്രവർത്തിച്ചവരെ തിരിച്ചറിയുന്നതിനുമായി മുംബൈ പോലീസിന്റെ സൈബർ സെല്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






