രക്തകോശങ്ങളുടെ രൂപീകരണത്തെയും പ്രവർത്തനത്തെയും ബാധിക്കുന്ന രോഗമാണ് ബ്ലഡ് ക്യാൻസർ. സാധാരണയായി ഇത് അസ്ഥിമജ്ജയിലാണ് ആരംഭിക്കുന്നത്.
രക്തകോശങ്ങളുടെ രൂപീകരണത്തെയും പ്രവർത്തനത്തെയും ബാധിക്കുന്ന രോഗമാണ് ബ്ലഡ് ക്യാൻസർ. സാധാരണയായി ഇത് അസ്ഥിമജ്ജയിലാണ് ആരംഭിക്കുന്നത്. ശ്വാസകോശം, സ്തനം, വൻകുടല്‍ തുടങ്ങിയ അവയവങ്ങളില്‍ ഉണ്ടാകുന്ന 'സോളിഡ് ട്യൂമർ' ക്യാൻസറുകളില്‍ നിന്ന് വ്യത്യസ്തമായി രക്ത ക്യാൻസർ പ്രധാനമായും ഉത്ഭവിക്കുന്നത് അസ്ഥിമജ്ജയില്‍ നിന്നാണ്. ശരീരത്തിനാവശ്യമായ മുഴുവൻ രക്തവും ഉല്‍പ്പാദിപ്പിക്കുന്ന, അസ്ഥികള്‍ക്കുള്ളിലെ മൃദുവായ സ്പോഞ്ച് പോലുള്ള ഭാഗമാണിത്.
ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, പ്ലേറ്റ്ലെറ്റുകള് എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യകരമായ രക്തകോശങ്ങളുടെ സാധാരണ ഉല്‍പ്പാദനത്തെയും പ്രവർത്തനത്തെയും രക്ത ക്യാൻസർ തടസ്സപ്പെടുത്തുന്നു. അസാധാരണമായ ക്യാൻസർ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുമ്പോള്‍ അവ ആരോഗ്യകരമായ രക്തകോശങ്ങളിലേക്ക് പകരുന്നു. ഈ അവസ്ഥ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും, സാധാരണ അണുബാധകളെ ചെറുക്കാനുള്ള ശേഷി കുറയ്ക്കുകയും, ഓക്സിജൻ കാര്യക്ഷമമായി എത്തിക്കുന്നതിനും രക്തം ശരിയായി കട്ടപിടിക്കുന്നതിനും തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
ബ്ലഡ് ക്യാൻസർ പ്രധാന്യമായി മൂന്ന് തരത്തിലുണ്ട്. ആദ്യത്തേത് ല്യൂക്കീമിയയാണ്. അണുബാധയെ പ്രതിരോധിക്കാൻ കഴിയാത്ത അസാധാരണമായ ശ്വേതരക്താണുക്കളുടെ (white blood cells) അനിയന്ത്രിതമായ ഉല്‍പ്പാദനം മൂലം രക്തത്തിലും മജ്ജയിലും ഉണ്ടാകുന്ന ഒരുതരം ക്യാൻസര്‍ ആണിത്. രണ്ടാമത്തേത് ലിംഫോമയാണ്. അണുക്കളെ ചെറുക്കാൻ സഹായിക്കുന്ന ലിംഫാറ്റിക് വ്യവസ്ഥയെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണിത്.
അണുബാധയ്ക്കെതിരെ പോരാടുന്ന 'ലിംഫോസൈറ്റുകള്‍' എന്നറിയപ്പെടുന്ന ശ്വേതരക്താണുക്കളില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. മൂന്നാമത്തേത് മൈലോമയാണ്. പ്ലാസ്മ കോശങ്ങളില്‍ (രോഗങ്ങളെ ചെറുക്കാനുള്ള ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്ന, അസ്ഥിമജ്ജയിലെ ഒരു തരം ശ്വേതരക്താണുക്കള്‍) ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണിത്.
രക്തകോശങ്ങളുടെ ഉല്‍പ്പാദനത്തെയും പ്രവർത്തനത്തെയും ബാധിക്കുന്ന, പ്രധാനമായും മജ്ജയിലോ ലസികാ വ്യവസ്ഥയിലോ (lymphatic system) ഉത്ഭവിക്കുന്ന വിവിധതരം അർബുദങ്ങളുടെ ഒരു കൂട്ടമാണ് രക്ത അർബുദങ്ങളെന്ന് ഗുരുഗ്രാമിലെ ആർട്ടിമിസ് ഹോസ്പിറ്റലില്‍ ഹെമറ്റോളജി, ഓങ്കോളജി, ബോണ്‍ മാരോ ട്രാൻസ്പ്ലാന്റ് വിഭാഗം മേധാവിയായ ഡോ. രാഹുല്‍ നൈതാനി പറയുന്നു.
തുടർച്ചയായ ക്ഷീണവും തളർച്ചയും ബ്ലഡ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനം കുറയുന്നതുമൂലമുണ്ടാകുന്ന വിളർച്ചയാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. കാരണമറിയാത്ത പനിയും ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധകളുമാണ് മറ്റൊരു ലക്ഷണം. വെളുത്ത രക്താണുക്കളുടെ ഉല്‍പ്പാദനം ഗണ്യമായി കുറയുമ്പോഴാണ് ഇവ ഉണ്ടാകുന്നത്.






