തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകള്‍ രാഷ്ട്രീയ ആയുധമാക്കുന്നതില്‍ നിന്ന് തല്ക്കാലം പിന്നോട്ടുപോകാൻ ബിജെപി നേതൃത്വം.
ബിജെപി നേതാക്കളുടെ ഉള്‍പ്പടെ പ്രമുഖരുടെ പേരുകള്‍ കർത്തയുടെ ഡയറിയിലുണ്ട്. അതിനാല്‍ ഇത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. ഇതോടെ ഷോണ്‍ ജോർജിന്റെ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത് സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി. ഷോണിന്റെ നടപടിയെ പരസ്യമായി തള്ളിപ്പറയാനും നേതൃത്വം തയാറായിട്ടില്ല.
എന്നാല്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണ വിജയനെയും മാത്രം കേന്ദ്രീകരിച്ച് മാസപ്പടി ആരോപണങ്ങളില്‍ രാഷ്ട്രീയ ആക്രമണം ശക്തമാക്കാനാണ് നിലവിലെ നീക്കം. ഇഡി കത്തിലെ പരാമർശങ്ങള്‍ ഉയർത്തിക്കാട്ടിയാകും ഇനി പ്രധാനമായും പ്രചാരണം. ഡയറി വിവാദത്തില്‍ നിന്ന് ശ്രദ്ധ മാറ്റി ഇഡി കത്തിലെ പരാമർശങ്ങളില്‍ കേന്ദ്രീകരിച്ച് പ്രതിരോധം തീർക്കാനാണ് ബിജെപി ശ്രമം. ഷോണ്‍ ജോർജ് ഏകപക്ഷീയമായി ഡയറിയിലെ വിവരങ്ങള്‍ പുറത്തുവിട്ടതില്‍ പാർട്ടി വൃത്തങ്ങളില്‍ കടുത്ത ഭിന്നത നിലനിൽക്കുന്നു.






