പാലക്കാട്: പാലക്കാട് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ താല്‍ക്കാലിക നിയമനം രാഷ്ട്രീയ വിവാദമായി.
ബിജെപി നേതാവും മഹിളാമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറിയുമായ അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യയ്ക്കാണ് നിയമനം നല്‍കിയതെന്നാണ് പരാതി.നിയമനത്തിന് പിന്നില്‍ പാലക്കാട്ടെ ചില മുതിർന്ന കോണ്‍ഗ്രസ് നേതാക്കളാണെന്ന് ആക്ഷേപവും ഉയർന്നു. ഇതിനെ തുടർന്നാണ് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പരാതി നല്‍കിയത്. നിയമനം റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം.പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വിഷയത്തില്‍ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും പ്രതികരിച്ചു.
പരാതി പരിശോധിച്ചുവരികയാണെന്നും വേക്കൻസി ഫില്‍ ചെയ്തതില്‍ അപാകതയുണ്ടെങ്കില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.മാനദണ്ഡം ലംഘിച്ചിട്ടുണ്ടെങ്കില്‍ തിരുത്താൻ പറയുമെന്നും എ തങ്കപ്പൻ വ്യക്തമാക്കി. പരാതിയില്‍ ആരുടേയും പേര് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസുകാർ ബിജെപിക്കാർക്ക് ശുപാർശ ചെയ്യാൻ സാധ്യതയില്ലെന്നും, എന്ത് സ്നേഹത്തിന്റെ പേരിലായാലും ബിജെപിക്കാർക്ക് ശുപാർശ ചെയ്യില്ലെന്നും എ തങ്കപ്പൻ പറഞ്ഞു.






