തിരുവനന്തപുരം: എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അതിനെ തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് തർക്കം മുറുകുന്നതിനിടെ സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് ദില്ലിയില്‍ ചേരും. കേന്ദ്ര സെക്രട്ടേറിയേറ്റ്, ദേശീയ നിർവാഹക സമിതി, ദേശീയ കൗണ്‍സില്‍ യോഗങ്ങള്‍ നാളെ നടക്കും.
അതേസമയം, പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം പ്രകടിപ്പിച്ചത് പാർട്ടിയുടെ ആത്മവിശ്വാസമെന്ന് കെ രാജൻ വ്യക്തമാക്കി. സിപിഐ ശരിയായ ആവശ്യമാണ് ഉന്നയിച്ചതെന്നും അക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ സൃഷ്ടി സിപിഐയുടെ കൂടി ത്യാഗത്തിന്റെയും നിശ്ചയത്തിന്റെയും അടിസ്ഥാനത്തിലാണ്. അതുവിട്ട് സിപിഐ പോകുമെന്ന് തെറ്റിദ്ധരിക്കേണ്ട. എല്‍ഡിഎഫ് ഭിന്നിക്കും എന്ന് പ്രതീക്ഷിക്കേണ്ട. നിലപാട് എടുക്കുമ്പോള്‍ എല്ലാം കടുത്തതായിരിക്കുമെന്നും എന്നാല്‍ അത് അധികാരത്തിനുവേണ്ടിയുള്ള നിലപാടല്ലെന്നും കെ രാജൻ വ്യക്തമാക്കി.






