തിരുവനന്തപുരം: കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ വിഷയത്തില്‍ കേന്ദ്ര സർക്കാർ ഇടപെടുമെന്ന് ഉറപ്പ് ലഭിച്ചതായി തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. ഡല്‍ഹിയില്‍ കേന്ദ്ര തൊഴില്‍മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലൈ 20ന് നടക്കുന്ന ചർച്ചകള്‍ക്ക് ശേഷവും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര സർക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് ഉറപ്പ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
കമ്പനിയില്‍ ജീവനക്കാരെ പുനഃക്രമീകരിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോറോ ഹെല്‍ത്തില്‍ പ്രതിസന്ധിയുണ്ടെങ്കില്‍ മറ്റ് സെന്ററുകളില്‍ നിന്ന് ജീവനക്കാരെ മാറ്റി നിയമിക്കാമെന്നും, പിരിച്ചുവിടലിന് സാധാരണയായി പിന്തുടരുന്ന 'Last Come First Go' രീതി കമ്പനി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ കമ്പനി നേതൃത്വവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര തൊഴില്‍മന്ത്രിയെ നേരില്‍ കണ്ട് ഇടപെടല്‍ തേടിയത്. കൊച്ചിയിലും കോഴിക്കോടുമായി ഏകദേശം 900 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തൊഴില്‍ നിയമപ്രകാരമുള്ള എല്ലാ ബാധ്യതകളും പൂർത്തിയാക്കിയെന്നാണ് കോറോ ഹെല്‍ത്തിന്റെ നിലപാട്.
ജൂലൈ 20ന് വീണ്ടും ചർച്ച നടത്താനാണ് സർക്കാർ നീക്കം. അതേസമയം, സ്ഥാപനത്തിന്റെ നടപടിക്കെതിരെ യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിഷേധം തുടരുകയാണ്.






