ഡൽഹി: ലൈംഗികാതിക്രമ കേസില്‍ കോണ്‍ഗ്രസ് എംപിയും ജവഹർലാല്‍ നെഹ്റു സർവകലാശാല പ്രൊഫസറുമായ ബിമോല്‍ അക്കോയിജത്തിന് മുൻകൂർ ജാമ്യം.
ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് അക്കോയിജത്തിന് മുൻകൂർ ജാമ്യം നല്‍കിയത്. അക്കോയിജത്തിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ കുറഞ്ഞത് 7 ദിവസത്തെ മുൻകൂർ നോട്ടീസ് നല്‍കണമെന്ന് പൊലീസിന് കോടതി നിർദേശം നല്കി. മുൻകാലങ്ങളില്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത വ്യക്തിയാണ് അക്കോയിജമെന്നും അദ്ദേഹം നിലവില്‍ പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് ബിമോല്‍ അക്കോയിജം. ജെഎൻയു സ്കൂള്‍ ഓഫ് സോഷ്യല്‍ സയൻസസിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യല്‍ സിസ്റ്റത്തിലെ പ്രൊഫസറായ അദ്ദേഹത്തിനെതിരെ പത്തിലേറെ വിദ്യാർത്ഥിനികള്‍ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഈ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നത് പൂർത്തിയായിട്ടില്ല. പരാതി നല്‍കിയവരുടെ പേരുകളും മറ്റു വിവരങ്ങളും ജെഎൻയു അധികൃതർ പൊലീസിന് കൈമാറാത്തതാണ് ഇതിന് കാരണം. വിദ്യാർത്ഥിനികളുടെ പരാതിയുടെ പശ്ചാത്തലത്തില്‍ അക്കോയിജത്തെ സർവ്വകലാശാല പുറത്താക്കിയ നടപടിയും കഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിരുന്നു.
വിദ്യാർത്ഥിനികളുടെ പരാതി ജെഎൻയുവിലെ ഇൻ്റേണല്‍ കമ്മിറ്റി അന്വേഷിച്ചെന്നും തെളിവുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്മിറ്റി കടുത്ത ശിക്ഷാ നടപടി ശുപാർശ ചെയ്തെന്നുമാണ് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ് നേരത്തെ പ്രതികരിച്ചത്. സെൻട്രല്‍ സിവില്‍ സർവീസസ് ചട്ടത്തിലെ 11 (ix) വകുപ്പ് പ്രകാരമായിരുന്നു നടപടി. തുടർന്ന് അക്കോയിജത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ബിജെപി വനിതാ എംപിമാർ ആവശ്യപ്പെടുകയും ചെയ്തു. അതിനിടെയാണ് കോടതി ബിമോല്‍ അക്കോയിജത്തിന് മുൻകൂർ ജാമ്യം നല്‍കിയത്.






