മൂന്നിലവ് :കാലവർഷക്കെടുതിയിൽ ഇരുമാപ്ര - ഉപ്പിടുപാറ റോഡ് അപകടാവസ്ഥയിലായി. റോഡിന്റെ അടിഭാഗവും സംരക്ഷണഭിത്തിയും തകർന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും അപകടസാസ്ഥയിലായി.
ഉരുളിന്റെ ആരംഭസ്ഥലത്തിന് സമീപത്തായുള്ള ഇരുമാപ്ര സെയ്ന്റ് പീറ്റേഴ്സ് സി.എസ്.ഐ. ദേവാലയത്തിന്റെ പരിസരവും അപകടാവസ്ഥയിലാണ്.
പള്ളിയുടെ മുറ്റത്തിന്റെ സംരക്ഷണഭിത്തികൾക്കും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. ഉരുൾപൊട്ടലുണ്ടായ ഭാഗത്തിന് താഴെയായി 25-ഓളം കുടുംബങ്ങൾ താമസമുണ്ട്.
ഉരുൾപോയ വഴിയിലെ നിരവധി കൃഷിയിടങ്ങൾക്ക് നാശനഷ്ടമുണ്ട്. വീണ്ടുമൊരു മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ഉരുൾപൊട്ടലിൽ കണ്ണംകുളം ബിനോയുടെ വീടിന് ഭാഗികമായി തകർച്ച സംഭവിച്ചിരുന്നു.
ഇരുമാപ്ര ഉപ്പിടുപാറ റോഡിന്റെ തകർന്ന ഭാഗം അടിയന്തരമായി പരിശോധിച്ച് സംരക്ഷണഭിത്തി പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വാഹന ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
റോഡിന്റെ തകർന്ന ഭാഗവും ഉരുൾപൊട്ടലുണ്ടായ പ്രദേശവും താഴ്ഭാഗത്തെ വീടുകളും പള്ളിയുടെ പരിസരവും അധികൃതർ അടിയന്തരമായി പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു






