ചർമത്തിനും ചുണ്ടിനും അത്ര പ്രിയമുള്ള കാലമല്ല മഞ്ഞുകാലം. ചർമത്തിലെ ജലാംശം വലിഞ്ഞ് ചർമം വരണ്ടതാകാനും ചുണ്ടുകളിൽ വിള്ളലുകൾ വീഴാനുമെല്ലാം ഏറെ സാധ്യതയുള്ളകാലമാണിത്.
വില കൂടിയ മോയ്സചറൈസിങ് ക്രീമുകളോ, ലിപ് ബാമുകളോ വാങ്ങി പോക്കറ്റിലെ പണം കളയേണ്ട. വീട്ടിൽത്തന്നെയുള്ള ഒരു സുന്ദരൻ വസ്തുകൊണ്ട് ചർമം സംരക്ഷിക്കാം.
മുഖത്തിനു സുവർണ ശോഭ നൽകി ജലാംശം നിലനിർത്താൻ മഞ്ഞൾ ഉപകരിക്കും.
വിവാഹത്തലേന്ന് വധൂവരന്മാരുടെ മുഖത്ത് മഞ്ഞൾ തേക്കുന്നത് കണ്ടിട്ടില്ലേ? മുഖകാന്തിക്ക് മഞ്ഞൾ നല്ലതായതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.
മഞ്ഞുകാലത്ത് ഏറ്റവും പാടുപെടുന്നത് സെൻസിറ്റീവ് ചർമമുള്ളവരും വരണ്ട ചർമമുള്ളവരുമാണ്.
പാൽപ്പാട ഒരു പ്രകൃതിദത്ത മോയ്സചറൈസറാണ്. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് പാൽപ്പാട.
ഇതിലടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും.
മഞ്ഞൾ മുഖചർമത്തിന് തിളക്കം പ്രദാനം ചെയ്യുമ്പോൾ പാൽപ്പാട ചർമത്തെ മൃദുവാക്കുന്നു. ഒരു ടീസ്പൂൺ മഞ്ഞളിൽ ഒരു ടീസ്പൂൺ പാൽപ്പാട ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ആ മിശ്രിതം മുഖത്തു പുരട്ടുക.
10 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
മുഖക്കുരുവിനെ തുരത്താൻ മഞ്ഞൾ-തേൻ ഫെയ്സ്പായ്ക്ക്
ചർമത്തിലെ ചുവന്ന പാട്, മുഖക്കുരു, ചർമത്തിനു ചൊറിച്ചിൽ എന്നിവയുള്ളവർക്ക് തീർച്ചയായും പരീക്ഷിക്കാൻ കഴിയുന്നൊരു ഫെയ്സ്പായ്ക്കാണ് മഞ്ഞൾ- തേൻ ഫെയ്സ്പായ്ക്ക്. തേനിന് ഒരു ഹീലിങ് ഇഫക്റ്റ് നൽകാൻ സാധിക്കും. ചർമത്തിലെ ഈർപ്പം നിലനിർത്താനും ഇത് സഹായിക്കും. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ശൈത്യകാലത്തുണ്ടാകുന്ന മുഖക്കുരുവിൽ നിന്ന് മോചനം നൽകും. മഞ്ഞൾ മുഖത്തിന്റെ വീക്കം കുറയാനും തിളക്കമുള്ള ചർമമുണ്ടാകാനും സഹായിക്കും. ഒരു സ്പൂൺ തേനിൽ ഒരു സ്പൂൺ മഞ്ഞൾ ചേർത്ത് സ്വർണ നിറത്തിലുള്ള മിശ്രിതമാക്കുക. ശേഷം ഇത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. തണുപ്പു കാലത്ത് ചുണ്ടുകൾ വിണ്ടുകീറുന്ന പ്രശ്നമുള്ളവർക്കും ഒരു ലിപ്ബാം പോലെ ഈ മിശ്രിതം ചുണ്ടിൽ പുരട്ടാം. ചുണ്ടിൽ ഇതു പുരട്ടി അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം. കോമ്പിനേഷൻ സ്കിൻ ഉള്ളവർക്കും മുഖക്കുരു വരാൻ സാധ്യതയുള്ളവർക്കും ഈ ഫെയ്സ് മാസ്ക് ഉപകരിക്കും.
ചർമം മൃദുവാക്കാൻ മഞ്ഞൾ- തൈര് ഫെയ്സ്പായ്ക്ക്
മുഖത്ത് കരുവാളിപ്പ്, നിറവ്യത്യാസം എന്നീ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന മികച്ചൊരു ഫെയ്സ്പായ്ക്കാണ് മഞ്ഞൾ- തൈര് ഫെയ്സ്പാക്ക്. മുഖചർമത്തിനു കുളിർമ നൽകാനും മുഖത്തെ അസമമായ പാടുകളും കരുവാളിപ്പും അകറ്റാനും തൈര് സഹായിക്കും.
ചർമത്തിലെ ജലാംശം നിലനിർത്താൻ തൈര് സഹായിക്കുന്നതു കൊണ്ട് ചർമം മൃദുവായി കാണപ്പെടും.
ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും തൈര് സഹായിക്കും. അരസ്പൂൺ മഞ്ഞൾപ്പൊടിയിൽ ഒരു സ്പൂൺ കട്ടത്തൈര് ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം മുഖം കഴുകാം. മുഖചർമം പട്ടുപോലെ മൃദുലമാകുന്നത് അനുഭവിച്ചറിയാം.
എല്ലാത്തരം ചർമമുള്ളവർക്കും ഈ ഫെയ്സ്പായ്ക്ക് ഇണങ്ങും.
സാധാരണ ചർമം, വരണ്ട ചർമം, സ്ഥിരമായി സൂര്യപ്രകാശം ഏൽക്കുന്ന ചർമമുള്ളവർ എന്നിവർക്ക് ഏറ്റവും അധികം യോജിച്ച ഫെയ്സ്പായ്ക്കാണിത്.
വെളിച്ചെണ്ണയില്ലാതെ എന്ത് ചർമസംരക്ഷണം
അടി മുതൽ മുടിവരെ മലയാളികൾ ഉപയോഗിക്കുന്ന ഉത്പന്നമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ചർമത്തിന് ഒരു മോയ്സചറൈസറിന്റെ ഗുണം നൽകും.
ഫാറ്റി ആസിഡുകളാൽ സമ്പന്നമായ വെളിച്ചെണ്ണ പരുക്കൻ ചർമത്തെ മൃദുവാക്കും. മഞ്ഞൾ ചർമത്തിന് തിളക്കം നൽകുകയും പിഗ്മെന്റേഷൻ അകറ്റുകയും ചെയ്യും.
വെളിച്ചെണ്ണ ചെറുതായി ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയിട്ട് നന്നായിളക്കുക. ശേഷം ആ മിശ്രിതം കൊണ്ട് മുഖം മൃദുവായി മസാജ് ചെയ്യുക. വിവാഹം, പാർട്ടികൾ എന്നിവയിൽ പങ്കെടുക്കാൻ പോകുമ്പോൾ മുഖം ഗ്ലോ ആകാൻ ആഗ്രഹമുള്ളവർക്ക് തീർച്ചയായും ഇത് പരീക്ഷിക്കാം. വരണ്ട ചർമമുള്ളവർക്കിണങ്ങുന്ന മികച്ചൊരു ഫെയ്സാപായ്ക്കാണിത്.
മഞ്ഞൾ - കറ്റാർവാഴ മാസ്ക്
മുഖത്തും ശരീരഭാഗങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു പായ്ക്കാണ് മഞ്ഞൾ-കറ്റാർ വാഴ പായ്ക്ക്.
സെൻസിറ്റീവ് ചർമമുള്ളവർക്ക് തണുപ്പുകാലത്ത് ഇത് വളരെയേറെ ഗുണം ചെയ്യും. കൈമുട്ടുകൾ, കാൽമുട്ടുകൾ, കക്ഷം എന്നിവിടങ്ങളിലെ കറുപ്പകറ്റാനും ഇതുപയോഗിക്കാം.
കറ്റാർവാഴ ചർമത്തിന് തണുപ്പ് നൽകുകയും ജലാംശം നിലനിർത്തുകയും ചെയ്യും. മഞ്ഞൾ ചർമത്തിലെ പാടുകളകറ്റി ചർമത്തിന് തെളിച്ചം നൽകും.
ശുദ്ധമായ കറ്റാർ വാഴ ജെൽ ഉപയോഗിച്ച് മിശ്രിതം തയാറാക്കാം. കറ്റാർവാഴ ജെല്ലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് മാസ്ക് പോലെ ഉപയോഗിക്കാം.
ശേഷം പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം കഴുകിക്കളയാം. മഞ്ഞൾ ഏതെങ്കിലും മിശ്രിതവുമായി കലർത്തി ഉപയോഗിക്കുമ്പോൾ വളരെക്കുറച്ച് മഞ്ഞൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കസ്തൂരി മഞ്ഞൾ ഉപയോഗിക്കുന്നതാണ് നല്ലത്.






