ഡൽഹി: ജപ്പാനിലെ എയ്ച്ചി-നഗോയയില്‍ നടക്കാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കാനാകില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ.
ഇതുസംബന്ധിച്ച് ബിസിസിഐയുടെ ആവശ്യം ഐഒഎ തള്ളി. സംഘാടകർ ഒരുക്കുന്ന സൗകര്യങ്ങള്‍ പര്യാപ്തമല്ലെങ്കില്‍ ബി.സി.സി.ഐയ്ക്ക് സ്വന്തം ചെലവില്‍ മറ്റ് താമസസൗകര്യങ്ങള്‍ കണ്ടെത്താമെന്ന് ഐ.ഒ.എ വ്യക്തമാക്കി.
ഗെയിംസ് വില്ലേജിലോ അനുബന്ധ ഹോട്ടലുകളിലോ മതിയായ സൗകര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ സമീപിച്ചത്. നിലവില്‍ സംഘാടകർ ഒരുക്കുന്ന താമസസൗകര്യം ഫൈവ് സ്റ്റാർ നിലവാരത്തില്‍ ഉള്ളതല്ലെന്നും, റൂമുകള്‍ രണ്ട് പേർ വീതം പങ്കിടേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്നും ബിസിസിഐ ചൂണ്ടിക്കാട്ടിയിരുന്നു.
ശ്രേയസ് അയ്യർ നയിക്കുന്ന പുരുഷ ടീമിന് ത്രീ-സ്റ്റാർ പദവിയുള്ള ‘എപിഎ ഹോട്ടല്‍ നഗോയ എക്കിമേ’യിലും ഹർമൻപ്രീത് കൗർ നയിക്കുന്ന വനിതാ ടീമിന് ഫോർ-സ്റ്റാർ നിലവാരമുള്ള ‘മെയ്തെത്സു ഗ്രാൻഡ് ഹോട്ടലി’ലുമാണ് സംഘാടകർ മുറികള്‍ അനുവദിച്ചിരിക്കുന്നത്. ഇതോടെയാണ് പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടല്‍ വേണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ രംഗത്തെത്തിയത്.






