ആലപ്പുഴ: പാർട്ടി വിട്ടുപോയവരെ സിപിഎമ്മിലേക്ക് തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.
ബേബി. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കെതിരെ മത്സരിക്കാൻ പോയവരുടെ കാര്യത്തില്‍ നിലപാട് വ്യത്യസ്തമാണെന്നും, അവർ നിലപാട് പുനഃപരിശോധിച്ച് തെറ്റ് തിരുത്തി തിരിച്ചുവരാൻ താല്പര്യം പ്രകടിപ്പിച്ചാല്‍ അപ്പോള്‍ പാർട്ടി ഇക്കാര്യം ആലോചിക്കുമെന്നും എം.എ. ബേബി പറഞ്ഞു.
പാർട്ടി വിട്ടുപോയവർ പിന്നീട് തങ്ങളുടെ തീരുമാനം ശരിയായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞ് പാർട്ടിയുമായി സഹകരിച്ച അനുഭവങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.ആർ. ഗൗരിയമ്മ അവസാനകാലത്ത് സിപിഎമ്മുമായി സഹകരിച്ചതും എം.വി. രാഘവൻ പാർട്ടി വിട്ടുപോയതിന് ശേഷം തിരിച്ചെത്തി സഹകരിച്ചതും ഇതിന് ഉദാഹരണങ്ങളാണെന്ന് എം.എ. ബേബി പറഞ്ഞു.
പാർട്ടിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ അനുഭാവി ഗ്രൂപ്പുകള്‍ രൂപീകരിക്കാനും ശ്രമിക്കുന്നുണ്ട്. പാർട്ടിയില്‍നിന്ന് അകന്നുപോയവരുമായി സഹകരിക്കുന്നതിനും അവരെ തിരിച്ചെത്തിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.






