കോട്ടയം: യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സഹകരണവകുപ്പ് മന്ത്രി നടത്തുന്ന ജില്ലാതല അദാലത്ത് ‘ആശ്വാസം 2026’ സെപ്റ്റംബർ 18 വെള്ളിയാഴ്ച കോട്ടയം കളക്ടറേറ്റിൽ നടക്കും. സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി അഡ്വ. എം. ലിജു അദാലത്തിൽ പങ്കെടുക്കും.
സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവർ, ജപ്തി നടപടികൾ നേരിടുന്നവർ, വായ്പാ കുടിശ്ശിക സംബന്ധിച്ച് കേസുകളുള്ളവർ തുടങ്ങിയവർക്ക് അദാലത്തിലൂടെ ആശ്വാസം ലഭ്യമാക്കുകയാണ് ലക്ഷ്യം. അർഹരായവർക്ക് പലിശയിൽ 50 ശതമാനം വരെ ഇളവ് ലഭിക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.
ഇതിനായി വായ്പ എടുത്തിട്ടുള്ള സഹകരണ ബാങ്കിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ നൽകണം. കൂടാതെ കുടുംബത്തിൽ ചികിത്സയിൽ കഴിയുന്നവർ ഉണ്ടെങ്കിൽ അതുസംബന്ധിച്ച ചികിത്സാ സർട്ടിഫിക്കറ്റും ഹാജരാക്കണം.
അർഹരായവർ ആവശ്യമായ രേഖകൾ സഹിതം എത്രയും വേഗം ബന്ധപ്പെട്ട സഹകരണ ബാങ്ക് സെക്രട്ടറിക്ക് അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു. അദാലത്തിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അഭ്യർഥിച്ചു.






