ഡല്‍ഹി: പ്രമുഖ ഭക്ഷ്യഉത്പാദകരായ നെസ്ലെയുടെ 'ലോ ഫാറ്റ് ഡയറി വൈറ്റ്നർ' (പാല്‍പ്പൊടി) ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍.
ഉല്‍പ്പന്നത്തിന്റെ സാമ്പിള്‍ സുരക്ഷിതമല്ലാത്തതും നിലവാരമില്ലാത്തതുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്ത് ഇതിന്റെ വില്‍പ്പന നിർത്തിവെക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഉത്തരവിട്ടു.
ന്യൂഡല്‍ഹിയിലെ പ്രശസ്തമായ 'ദി ലളിത്' ഹോട്ടലില്‍ നിന്ന് എഫ്എസ്എസ്എഐ നടത്തിയ പതിവ് പരിശോധനയുടെ ഭാഗമായാണ് നെസ്ലെയുടെ ഈ ലോ ഫാറ്റ് പാല്‍പ്പൊടി സാമ്പിള്‍ ശേഖരിച്ചത്. തുടർന്ന് ഔദ്യോഗിക ഭക്ഷ്യസുരക്ഷാ ലബോറട്ടറിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍, ഉല്‍പ്പന്നം 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് വ്യക്തമാവുകയായിരുന്നു.
പരിശോധനാ ഫലം പുറത്തുവന്നതിനു പിന്നാലെ ഉല്‍പ്പന്നത്തിന്റെ ഉപയോഗം ഉടൻ നിർത്തിവെക്കാൻ ഹോട്ടല്‍ അധികൃതർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, വിപണിയില്‍ നിന്ന് ഉല്‍പ്പന്നത്തിന്റെ വില്‍പ്പന ഉടനടി നിർത്തിവെക്കാൻ നെസ്ലെ കമ്പനിയോടും എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു.
എഫ്എസ്എസ്എഐയുടെ ഈ നടപടിക്കെതിരെ നിയമപ്രകാരം നിശ്ചിത സമയപരിധിക്കുള്ളില്‍ കമ്പനിക്ക് അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.






