തിരുവനന്തപുരം : ഇനിമുതൽ സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾക്ക് വിലക്ക്. ജയിലുകളിൽ രാഷ്ട്രീയ പർട്ടികളുടെ മുഖപത്രങ്ങൾ, മാസികകൾ എന്നിവ അനുവദിക്കേണ്ടെന്നാണ് തീരുമാനം. ജയിൽ ഉപദേശക സമിതി അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയിൽ ഡിജിപിയുടെ ഉത്തരവ്.
വ്യാപകമായി ജയിലുകളിൽ ദേശാഭിമാനി എത്തിക്കുന്നതിനെതിരെയായിരുന്നു പരാതി. തടവുകാർക്ക് സത്യസന്ധമായ വാർത്തകൾ ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. വിലകൊടുത്തോ സ്പോൺസർഷിപ്പ് വഴിയോ രാഷ്ട്രീയ പാർട്ടികളുടെ മുഖ പത്രങ്ങൾ എത്തിക്കരുതെന്നാണ് ഡിജിപിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് ജയിൽ ഡിജിപിയുടെ സർക്കുലർ. 55 ജയിലുകളിലാണ് ദേശാഭിമാനി പത്രം വിതരണം ചെയ്തിരുന്നത്.
കേരളത്തിലെ 55 ജയിലുകളിൽ ദേശാഭിമാനി പത്രവും അനുബന്ധ മാസികകളും വിതരണം ചെയ്തിരുന്നു. വസ്തുനിഷ്ഠവും സത്യസന്ധവും രാഷ്ട്രീയ പക്ഷപാത രഹിതവും ആയിരിക്കേണ്ട വാർത്തകളും വിവരങ്ങളും ആണ് ജയിൽ അന്തേവാസികൾക്ക് ലഭ്യമാക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പ്രസിദ്ധീകരണങ്ങൾ ജയിലിൽ വിതരണം ചെയ്യുന്നത് ഉചിതമല്ല എന്ന വിലയിരുത്തലും പൊലീസിന് ഉണ്ടായി.
ബന്ധപ്പെട്ട ജയിൽ ഉദ്യോഗസ്ഥർ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ ജയിൽ ഡിജിപി എസ് ശ്രീജിത്ത് നിർദേശം നൽകി. സംസ്ഥാനത്ത് 55 ജയിലുകളിലായി ഏകദേശം 11,100 ഓളം തടവുകാരാണ് ഉള്ളത്.






