തിരുവനന്തപുരം: ഹോർട്ടിവൈൻ വില്‍പ്പനക്കുള്ള ലൈസൻസ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു.
തൃശൂർ പൂവത്തുശേരിയിലെ ബേക്കറിക്ക് നല്കിയ ലൈസൻസാണ് മരവിപ്പിച്ചത്. മദ്യനയം പ്രഖ്യാപിക്കുന്നതുവരെയാണ് ഇതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.
മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ബേക്കറികളിലും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹോർട്ടി വൈൻ വില്‍പ്പന നടക്കുന്നില്ലെന്ന് എക്സൈസ് കമ്മീഷണർ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിർദ്ദേശിക്കുന്നു.
പുതിയ സർക്കാർ മദ്യനയം പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ നടന്ന് വരുകയാണ്. മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും ബേക്കറികളും ഹോട്ടി വൈൻ വില്‍ക്കുന്നതിന് അനുമതി നല്കി ചട്ടം ഭേദഗതി നിലനിർത്തണോ വേണ്ടയോ എന്ന് പുതിയ മദ്യനയത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.
അതുവരെ പഴയ ഉത്തരവ് മരവിപ്പിക്കാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടേയോ എക്സൈസ് മന്ത്രിയുടേയോ അനുമതിയില്ലാതെ ലൈസൻസ് നല്‍കിയതാണ് വിവാദമായത്.
ലൈസൻസ് നല്‍കിയെന്ന് വിവരം അറിഞ്ഞയുടൻ ഞായറാഴ്ച ആയിട്ടും ഉദ്യോഗസ്ഥരോട് നടപടികള്‍ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ സർക്കാരുണ്ടാക്കിയ ചട്ടത്തിൻ്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്ത എക്സൈസ് ഉദ്യോഗസ്ഥനെ ഞായറാഴ്ച ആയിട്ടും തല്‍സ്ഥാനത്ത് നിന്ന് മാറ്റി. പിന്നാലെ ലൈസൻസും മരവിപ്പിച്ചു.
അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനില്‍ കുമാറിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവിറക്കിയത്. വി സുഭാഷിനെ പകരം നിയമിച്ചു. അനില്‍ കുമാറിന് പുതിയ നിയമനം നല്‍കിയിട്ടില്ല.






