ഡല്‍ഹി: സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത് ഒളിമ്പിക് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ വനിതാ താരം തന്വി പത്രിക്ക് ചരിത്ര മെഡല്‍.
യൂത്ത് ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഒരു ഇന്ത്യന്‍ വനിതാ താരം മെഡല്‍ നേടുന്നത് ഇതാദ്യമായാണ്. ഫൈനലില്‍ ജൂനിയര്‍ ലോകചാമ്പ്യനായ ചൈനയുടെ ഷാങ് യി സിന്നിനെയാണ് പതിനഞ്ചുകാരി കീഴടക്കിയത് (സ്കോര്‍: 21-15,13-21,24-26).
യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റണില്‍ മുന്‍പ് ഇന്ത്യക്കായി മെഡല്‍ നേടിയിട്ടുള്ളത് പുരുഷ താരങ്ങളായ എച്ച് എസ് പ്രണോയിയും ലക്ഷ്യ സെന്നുമാണ്. 2010 സിംഗപ്പൂര്‍ ഗെയിംസില്‍ പ്രണോയി വെള്ളി നേടിയപ്പോള്‍ ലക്ഷ്യ സെന്‍ 2018 ബ്യൂണസ്ഐറിസ് ഗെയിംസില്‍ വെള്ളി മെഡല്‍ നേടി.
ഇവരുടെ പിന്‍ഗാമിയായിട്ടാണ് തന്‍വിയും ഉയര്‍ന്നു വന്നിരിക്കുന്നത്.
ഒഡീഷ സ്വദേശിയായ തന്വി പത്രിയാണ് യൂത്ത് ഒളിമ്പിക്സ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരി.
രാജ്യത്തിന്റെ ജൂനിയര്‍ ബാഡ്മിന്റണ്‍ സര്‍ക്യൂട്ട് വളരെ മികച്ചതാണെന്നതിന്റെ സൂചനയാണ് തന്വി പത്രിയുടെ നേട്ടം. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ താരത്തിനെതിരെ ഫൈനലില്‍ 82 മിനുട്ട് നേരമാണ് തന്വി പത്രി പൊരുതിയത്.
അവസാന ഗെയിമില്‍ തന്വി നടത്തിയ തിരിച്ചുവരവ് ശ്രദ്ധേയമായിരുന്നു. 10-19ന് പിറകില്‍ നിന്ന തന്വി സ്കോര്‍ 24-24ന് ഒപ്പം പിടിച്ചത് ആവേശം വാനോളം ഉയര്‍ത്തി. എന്നാല്‍, അവസാന നിമിഷങ്ങളില്‍ ചൈനീസ് താരം പിഴവുകള്‍ വരുത്താതെ കളിച്ചതോടെ മത്സരവും സ്വര്‍ണമെഡലും തന്‍വിക്ക് നഷ്ടമായി.






