ഡല്‍ഹി: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇന്ത്യൻ യുവാവിനെ വിവാഹം കഴിക്കാൻ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് കാനഡയില്‍ നിന്ന് എത്തിയ വനിതയ്ക്ക് നിരാശ.
അടുത്ത് ഇടപഴകിയപ്പോള്‍ അവരുടെ പ്രായം വെളിപ്പെടുത്തിയത് പ്രണയത്തിനു തടസ്സമായി, വിവാഹം മുടങ്ങി.
പ്രായത്തെ ചൊല്ലി വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയതിനെത്തുടർന്ന് കാനഡ എംബസിയെ സമീപിച്ച സ്ത്രീയുടെ പരാതിയില്‍ പൊലീസ് ഇടപെട്ടു. രാജസ്ഥാനിലെ കോത്പുത്ലി-ബെഹ്റോർ ജില്ലയിലെ നീംറാണയിലാണ് സംഭവം നടന്നത്. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിൻ എന്നയാളാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
ഏകദേശം ഒരു വർഷം മുമ്പാണ് വിദേശ വനിതയും നിതിനും ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ സംഭാഷണങ്ങള്‍ അടുത്ത സൗഹൃദത്തിലേക്ക് വഴിമാറുകയും ഇവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ അവർ നവംബർ 11-നാണ് ഡല്‍ഹിയിലെത്തിയത്.
ഡല്‍ഹി വിമാനത്താവളത്തിലെത്തിയ യുവതിയെ സ്വീകരിച്ച നിതിൻ, അവളെയും കൂട്ടി നീംറാണയിലെത്തി അമ്മാവന്റെയും അമ്മായിയുടെയും ഫ്ലാറ്റില്‍ താമസിക്കുകയായിരുന്നു. രണ്ട് ദിവസത്തോളം ഇവർ ഇവിടെ ഒന്നിച്ചു താമസിച്ചു. ഇതിനിടയില്‍ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകള്‍ മുന്നോട്ട് പോയെങ്കിലും, വനിതയുടെ പ്രായം (ഏകദേശം 61 വയസ്സ്) പുറത്തുവന്നതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. തുടർന്ന് നിതിൻ വിവാഹത്തില്‍ നിന്ന് പിന്മാറാൻ തീരുമാനിക്കുകയും ഇരുവരും തമ്മില്‍ തർക്കമുണ്ടാവുകയും ചെയ്തു.
തുടർന്ന് നവംബർ 13-ന് അവർ കാനഡ എംബസിയെ ബന്ധപ്പെടുകയും സംഭവവികാസങ്ങളെക്കുറിച്ച് അധികാരികളെ അറിയിക്കുകയും ചെയ്തു. കാനഡ എംബസിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നീംറാണ പൊലീസ് സ്ഥലത്തെത്തുകയും ഇരുവരേയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു
തുടർനടപടികളുടെ ഭാഗമായി നിതിനെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാനഡയില്‍ നിന്നുള്ള വനിതയെ കോത്പുത്ലിയിലെ കോർ സെന്ററിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിൻ ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും, ചോദ്യം ചെയ്യലിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ തുടർനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.






