ന്യൂഡൽഹി: അയോധ്യാ രാമക്ഷേത്ര സംഭാവനക്കൊള്ള അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ (എസ്.ഐ.ടി.) പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ.
ലഖ്നൗ റേഞ്ച് ഐ.ജി.യും തിരുവനന്തപുരം സ്വദേശിയുമായ എസ്. കിരണിന്റെ നേതൃത്വത്തിലാണ് മൂന്നംഗ സംഘം പ്രവർത്തിക്കുക. അയോധ്യയിലെ ഡി.ഐ.ജി. സോമെൻ ബർമ, എസ്.എസ്.പി. ഗൗരവ് ഗ്രോവർ എന്നിവരാണ് എസ്.ഐ.ടി.യിലെ മറ്റംഗങ്ങൾ. സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് മുതിർന്ന മൂന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്.ഐ.ടി. പുനഃസംഘടിപ്പിച്ചത്.
സംഭാവനക്കൊള്ള ക്രിമിനൽക്കുറ്റമാണെന്നും അതിനാൽ പ്രത്യേക സാങ്കേതിക പരിശോധനകൾതന്നെ ആവശ്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. പുതിയ എസ്.ഐ.ടി. തിങ്കളാഴ്ച സുപ്രീംകോടതിയിൽ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിച്ചേക്കും.
ഇതുവരെ എട്ടുപേരാണ് കേസിൽ അറസ്റ്റിലായത്. ഇവരിൽനിന്ന് പണവും സ്വർണവും വാഹനങ്ങളും മറ്റും കണ്ടെടുത്തിരുന്നു.






