അയ്മനം: 2026-ലെ പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് ആശ്വാസമേകി പുനർനടീലിനായി വിത്തുകളും തൈകളും വിതരണം ചെയ്യുന്ന 'പുനർജനി' പദ്ധതിക്ക് തുടക്കമായി. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രളയക്കെടുതിയിൽ വലിയ നാശനഷ്ടം നേരിട്ട കർഷകരെ തിരികെ കൃഷിയിലേക്ക് കൊണ്ടുവരികയും കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കർഷകർക്ക് ആവശ്യമായ ഗുണനിലവാരമുള്ള വിവിധയിനം വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യും.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ശിവപ്രസാദ്, അസിസ്റ്റന്റ് സെക്രട്ടറി മധു. ഡി , കൃഷി ഓഫീസർ രമ്യാ രാജ് തുടങ്ങിയവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു.






